ഐഷ തിരോധാനം: സെബാസ്റ്റ്യനെതിരേ നിര്‍ണായക തെളിവ്
1598681
Saturday, October 11, 2025 12:04 AM IST
കോട്ടയം: ചേര്‍ത്തല വാരനാട് സ്വദേശിനിയും പഞ്ചായത്ത് മുന്‍ ജീവനക്കാരിയുമായിരുന്ന ഐഷ (ഹയറുന്നീസ-57)യുടെ തിരോധാനത്തില്‍ ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഐഷയ്ക്ക് വീടുവയ്ക്കാന്‍ സ്ഥലം വാങ്ങിക്കൊടുക്കാമെന്നു ധരിപ്പിച്ച് ഇവര്‍ പലരില്‍നിന്നും കടംവാങ്ങിയ രണ്ടു ലക്ഷം രൂപയും ഒന്നരപ്പവന്റെ മാലയും കൈക്കലാക്കിയശേഷം സെബാസ്റ്റ്യന്‍ കൊലനടത്തിയതായാണ് സൂചന. ബന്ധുക്കളുമായി അകല്‍ച്ചയിലായ ഐഷയെ സ്ഥലം ബ്രോക്കര്‍ സെബാസ്റ്റ്യനെ പരിചയപ്പെടുത്തിയത് അയല്‍വാസി ശാസ്താംകവല ഉടുമ്പനാട് റോസമ്മയാണ്.
പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരിയായിരുന്ന ഐഷ വിരമിച്ചശേഷം 2011ലാണ് ചേര്‍ത്തല ശാസ്താംകവലയിലെ സഹോദരന്റെ വീട്ടിലെത്തുന്നത്. പിന്നീട് മൂന്നു സെന്റ് സ്ഥലം വാങ്ങി തനിച്ചു താമസം തുടങ്ങി. ഐഷയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. മക്കള്‍ വിവാഹിതരായി വേറെയാണ് താമസം.
റോസമ്മയുടെ വീടിനു സമീപത്ത് സ്ഥലം വാങ്ങാന്‍ ഐഷ അഡ്വാന്‍സ് നല്‍കിയതിനു പിന്നാലെ സ്ഥലത്തിനായി സ്വരൂപിച്ച രണ്ടു ലക്ഷം രൂപ സെബാസ്റ്റ്യന്‍ കൈക്കലാക്കി.
സെബാസ്റ്റ്യനും ഐഷയും പരിചയത്തിലായശേഷം വലിയ അടുപ്പത്തിലായെന്നും ഐഷയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കടം കൊടുത്തവര്‍ തിരികെ ചോദിക്കുകയും സ്ഥലം വാങ്ങിക്കൊടുക്കാന്‍ വൈകുകയും ചെയ്തതോടെ ഐഷ സെബാസ്റ്റ്യനെ ചോദ്യം ചെയ്യുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു.
2012 മേയ് 13ന് പണം നല്‍കാമെന്ന ധാരണയില്‍ ഐഷയെ സെബാസ്റ്റ്യന്‍ വീട്ടിലേക്കു വിളിച്ചുവരുത്തിയെന്നും പിന്നീട് ഐഷയെ കണ്ടിട്ടില്ലെന്നുമാണ് മൊഴി. നിലവില്‍ അതിരമ്പുഴ സ്വദേശി ജെയ്നമ്മ, ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന് എന്നിവരുടെ കൊലപാതകത്തില്‍ സെബാസ്റ്റ്യന്‍ പ്രതിയാണ്.
സെബാസ്റ്റ്യനും അയല്‍വാസി റോസമ്മയും തമ്മിലും കാലങ്ങളോളം അടുപ്പമുണ്ടായിരുന്നുവെന്നും ഐഷയ്ക്ക് എന്ത് സംഭവിച്ചുവെന്ന് റോസമ്മയ്ക്ക് അറിയാമെന്നുമാണ് പ്രദേശവാസികള്‍ മൊഴി നല്‍കിയത്.
ഐഷയെ കാണാതായ കാലത്ത് ജൂലി എന്ന യുവതിയും പതിനഞ്ചുകാരനായ ആണ്‍കുട്ടിയും റോസമ്മയ്ക്കൊപ്പം താമസിച്ചിരുന്നുവെന്നും അടുത്ത ബന്ധുവാണെന്ന് ഇവര്‍ അയല്‍വാസികളെ ധരിപ്പിച്ചുവെന്നും മൊഴിയുണ്ട്. ഐഷയുടെ തിരോധാനത്തിന് പിന്നാലെ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അടുത്തറിയാമായിരുന്ന ജൂലിയെയും മകനെയും കണ്ടിട്ടിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഐഷയുടെ തിരോധാനത്തില്‍ റോസമ്മയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.