ചെത്തിപ്പുഴയില്‍ കലയുടെ സര്‍ഗസംഗമം
1598417
Friday, October 10, 2025 4:25 AM IST
ചങ്ങനാശേരി: അഞ്ചുവിളക്കിന്റെ നാട്ടില്‍ കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂള്‍ കലോത്സവം- സര്‍ഗസംഗമത്തിന് തിരിതെളിഞ്ഞു. ഇന്നലെ രാവിലെ ചലച്ചിത്രതാരവും സംവിധായകനുമായ മേജര്‍ രവിയും ചലച്ചിത്രതാരം അനന്യയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഇനിയുള്ള രണ്ടു പകലുകള്‍ ചെത്തിപ്പുഴ പ്ലാസിഡ് സ്കൂളില്‍ കലയുടെയും കലാപ്രതിഭകളുടെയും ആഘോഷവും ആരവവും. 100 സിബിഎസ്ഇ സ്കൂളുകളില്‍നിന്നുള്ള അയ്യായിരം വിദ്യാര്‍ഥികളാണ് 140 ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നത്. സഹോദയ കോട്ടയം പ്രസിഡന്റ് ബെന്നി ജോര്‍ജ് അധ്യക്ഷനായിരുന്നു. ക്രിസ്തുജ്യോതി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജര്‍ റവ. ഡോ. തോമസ് കല്ലുകളം സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തി. പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയ എതിരേറ്റ്, കൊടിക്കുന്നില്‍ സുരേഷ് എംപി, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, പ്ലാസിഡ് സ്കൂള്‍ പിടിഎ പ്രസിഡന്റ് മനോജ് മാത്യു പാലാത്ര എന്നിവര്‍ പ്രസംഗിച്ചു.
ഭരതനാട്യം, കോല്‍ക്കളി, നാടോടി നൃത്തം, ഒപ്പന തുടങ്ങിയ മത്സരങ്ങള്‍ ഇന്നലെ അരങ്ങിലെത്തി. മോഹിനിയാട്ടം, മിമിക്രി, മാര്‍ഗംകളി, ഭരതനാട്യം തുടങ്ങിയ ഇനങ്ങള്‍ ഇന്നു വേദിയിലെത്തും.
ഉദ്ഘാടന വേദിയിലേക്ക് ഡ്രോണില്‍ പറന്നെത്തി ലോഗോ
ചങ്ങനാശേരി: കാണികളുടെ ഇടയില്‍നിന്നു പറന്നെത്തിയ ഡ്രോണില്‍ കലോത്സവത്തിന്റെ ലോഗോ. ഡ്രോണില്നിന്നു ലോഗോ ഏറ്റുവാങ്ങി ഉദ്ഘാടകന്‍ മേജര്‍ രവി. നിറഞ്ഞ കൈയടിയോടെ സദസ്. സഹോദയ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലേക്കാണ് ഡ്രോണില്‍ കലോത്സവ ലോഗോ പറന്നെത്തിയത്.

തുടർന്ന് ഡ്രോണിലേക്കും എഐയിലേക്കുംവരെയെത്തിയ സാങ്കേതിക വിദ്യയുടെ വികാസത്തെക്കുറിച്ചും മേജര്‍ രവി പറഞ്ഞു. മാതാപിതാക്കള്‍ പകര്ന്നുനല്കുന്ന അറിവുകളും ഉപദേശങ്ങളും കുട്ടികളുടെ നന്മയ്ക്കു വേണ്ടിയാണെന്ന് പുതുതലമുറ തിരിച്ചറിയണമെന്നും ഉദ്ഘാടനം പ്രസംഗത്തില്‍ മേജര്‍ രവി പറഞ്ഞു.
അവതരണ നൃത്തം വിസ്മയമായി; പ്ലാസിഡ് സ്കൂള്‍ കൈയടി നേടി
ചങ്ങനാശേരി: അവതരണനൃത്തം ഗംഭീരമായി, പ്ലാസിഡ് സ്കൂള്‍ കൈയടി നേടി. കഥകളി, തെയ്യം, മോഹിനിയാട്ടം കേരളീയ കലാരൂപങ്ങളും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കലാരൂപങ്ങളൂം ഒന്നിച്ചപ്പോള്‍ അവതരണ നൃത്തം മികവുറ്റതായി.
ഉദ്ഘാടന സമ്മേളന വേദിയിലാണ് അതിഥേയരായ പ്ലാസിഡ് സ്കൂള്‍ നൃത്ത സമന്വയത്തിലൂടെ കാണികളെ വിസ്മയിപ്പിച്ചത്. ഒഡീസി, കഥക്, കളരിപ്പയറ്റ് തുടങ്ങിയവയും വേദിയിലെത്തി. 13മിനിറ്റു നീണ്ടുനിന്ന ദൃശ്യവിരുന്നില്‍ പ്ലാസിഡ് സ്കൂളിലെ അമ്പതോളം കുട്ടികളാണ് അണിനിരന്നത്. പ്രിന്‍സിപ്പല്‍ ഫാ.സ്ക്റിയ എതിരേറ്റ്, ഫാ. അഖില്‍ കരിക്കത്തറ എന്നിവരുടെ പിന്തുണയില്‍ അധ്യാപകരായ എസ്. രശ്മി, റിജാ മാത്യു, അനു ഏബ്രഹാം എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്.
വയലിനില്‍ സഹോദരിമാര്‍
ചങ്ങനാശേരി: വയലിന് മത്സരത്തില്‍ സഹോദരിമാര്‍. കാറ്റഗറി മൂന്ന്, നാല് പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് കോട്ടയം ലൂര്‍ദ് സ്കൂളിലെ എസ്. നിവേദിതയും പുതുപ്പള്ളി ഡോണ്‍ബോസ്കോ സ്കൂളിലെ എസ്. നിരഞ്ജനയും ഒന്നാം സ്ഥാനം നേടിയത്. നിവേദിതയ്ക്ക് ശാസ്ത്രീയ സംഗീതത്തിലും ഒന്നാം സ്ഥാനമുണ്ട്.

നിരഞ്ജന ശാസ്ത്രീയ സംഗീതത്തില്‍ മറ്റന്നാള്‍ മത്സരിക്കുന്നുണ്ട്. തഞ്ചാവൂര്‍ എല്‍ഐസി ബ്രാഞ്ചിലെ ജീവനക്കാരനായ കോട്ടയം തിരുവഞ്ചൂര്‍ പാഞ്ചജന്യം വീട്ടില്‍ ശ്രീജിത്തിന്റെയും ജിഷയുടെയും മക്കളാണ് ഇരുവരും. വൈക്കം പത്മാകൃഷ്ണന്റെ കീഴിലാണ് ഇരുവരുടെയും വയലിന് പരിശീലനം. മാതംഗി സത്യമൂര്‍ത്തിയുടെ കീഴിലാണ് ശാസ്ത്രീയ സംഗീത പരിശീലനം. ചാനലിലെ ടോപ് സിംഗര്‍ മത്സരവിജയിയാണ് നിവേദിത. ചാനലിലെതന്നെ കോമഡി ഉത്സവത്തിലും റിയാലിറ്റി ഷോയിലും നിരഞ്ജന എത്തിയിട്ടുണ്ട്.