നിയന്ത്രണംവിട്ട ഓട്ടോ ബൈക്കിലും കാറിലുമിടിച്ചശേഷം കടയിലേക്ക് ഇടിച്ചുകയറി
1598530
Friday, October 10, 2025 6:14 AM IST
വൈക്കം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് എതിരേ വന്ന വാഹനങ്ങളിൽ ഇടിച്ചശേഷം റോഡരികിലെ കടയും തകർത്തു. അപകടത്തിൽ സാരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവറെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ വൈക്കം വലിയകവലയിലായിരുന്നു അപകടം. ഓട്ടോഡ്രൈവർ കടുത്തുരുത്തി വെള്ളാശേരി ചോതൻങ്കേരിൽ നിഥിനാ(34) ണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട ഓട്ടോ എതിരേ വന്ന സ്കൂട്ടറിലും കാറിലും തുടർന്ന് കപ്പലണ്ടി കച്ചവടക്കാരന്റെ ഉന്തുവണ്ടിയിലും ഇടിച്ച ശേഷം റോഡരികിലെ അക്വേറിയവും അനുബന്ധ സാധനങ്ങളും വിൽക്കുന്ന വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബൈക്ക് യാത്രികനും കപ്പലണ്ടി വിൽപനക്കാരനും നിസാര പരിക്കേറ്റു. ഓട്ടോറിക്ഷ വരുന്നതു കണ്ട് കടയുടമയും കടയുടെ മുൻവശത്തു നിന്നവരും ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിൽ വ്യാപാരസ്ഥാപനത്തിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായി തകർന്നു. ഫർണിച്ചറുകൾക്കും വിൽപനയ്ക്കായി വച്ചിരുന്ന അക്വേറിയങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.