ബസ് പണിമുടക്ക്: വിദ്യാർഥികളും യാത്രക്കാരും വലഞ്ഞു
1598411
Friday, October 10, 2025 4:24 AM IST
കാഞ്ഞിരപ്പള്ളി: പാലായിൽ ബസ് ജീവനക്കാരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് പാലാ - ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കിൽ വിദ്യാർഥികളും യാത്രക്കാരും വലഞ്ഞു. രാവിലെ സ്കൂളിലേക്കും ഓഫീസുകളിലേക്കും സ്വകാര്യ ബസിലെത്തിയ യാത്രക്കാരും വിദ്യാർഥികളുമാണ് തിരിച്ചു വീട്ടിലേക്കു മടങ്ങാൻ ബുദ്ധിമുട്ടിയത്.
ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റൂട്ടിലെ ബസുകൾ രാവിലെ ഒരു സർവീസ് മാത്രമാണ് നടത്തിയത്. ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ കുറവാണെങ്കിലും സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനെയാണ് യാത്രക്കാർ ആശ്രയിച്ചത്. വിദ്യാർഥികളുടെ കൺസക്ഷനുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ പാലാ കൊട്ടാരമറ്റത്ത് ബസ് ജീവനക്കാരെ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു. ബസ് ജീവനക്കാർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ സമരം നടത്തിയത്.