പതിവുപോലെ വീട്ടിലെത്തി; കാണുന്നത് അമ്മയുടെ ചേതനയറ്റ ശരീരം
1598415
Friday, October 10, 2025 4:25 AM IST
തെള്ളകം: മെഡിക്കൽ കോളജിനു സമീപം ഹോട്ടൽ നടത്തുന്ന ജെറിൻ പതിവുപോലെ വീട്ടിലെത്തി. കാണുന്നത് രക്തത്തിൽ കുളിച്ച അമ്മയുടെ ചേതനയറ്റ ശരീരം. വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ട തെള്ളകം പൂഴിക്കുന്നേൽ ലീന ജോസിന്റെ മകൻ ജെറിൻ ഇപ്പോഴും ഞെട്ടലിൽനിന്ന് മുക്തനായിട്ടില്ല.
ഹോട്ടൽ അടച്ച് അർധരാത്രിയോടെയാണ് ജെറിൻ വീട്ടിൽ എത്താറുള്ളത്. ഈ സമയം വീട്ടിലെ ബാക്കിയുള്ളവർ ഉറക്കത്തിലായിരിക്കും.
വീടിന്റെ മുൻവാതിൽ പൂട്ടി ജെറിന് എടുക്കാവുന്നതുപോലെ താക്കോൽ വച്ചിട്ടാണ് ഇവർ ഉറങ്ങാറുള്ളത്. ബുധനാഴ്ചയും രാത്രി 12.30ന് വീട്ടിൽ എത്തിയ ജെറിൻ പതിവുപോലെ വീടുതുറന്ന് അകത്തു പ്രവേശിച്ചു. പതിവിന് വിപരീതമായി അടുക്കളയിൽ ലൈറ്റ് കണ്ട് നോക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നതും പുറത്ത് വരാന്തയിൽ അമ്മ ലീന രക്തത്തിൽ കുളിച്ചു കിടക്കുന്നതും കാണുന്നത്.
സമീപത്തായി ബ്ലേഡ്, കറിക്കത്തി, കത്തി, വെട്ടുകത്തി എന്നിവയും കണ്ടു. പെട്ടെന്നുതന്നെ ഏറ്റുമാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.സംഭവം എപ്പോൾ നടന്നു എന്ന് അറിയില്ലെന്നാണ് ഭർത്താവ് ജോസ് പറഞ്ഞത്. ബഹളമോ ശബ്ദമോ ഒന്നും കേട്ടില്ലെന്നും ജോസ് പറഞ്ഞു.
വർഷങ്ങളായി ലീനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. ചികിത്സയോട് മുഖംതിരിക്കുന്ന ലീന നിസാര കാര്യങ്ങളിൽ പോലും പ്രകോപിതയാകുകയും കലഹിക്കുകയും ചെയ്തിരുന്നതായാണ് പറയുന്നത്.
അയൽക്കാരുമായി ലീനയ്ക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വീട്ടിൽനിന്ന് ലീന പുറത്തിറങ്ങുമായിരുന്നില്ല. ജോസിന്റെ ചില സുഹൃത്തുക്കൾ ഉൾപ്പെടെ ഇടപെട്ട് ലീനയെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ലീന വഴങ്ങിയില്ലെന്നാണ് പറയുന്നത്. തന്നെ ഭ്രാന്തിയാക്കാനാണ് മരുന്നു തരുന്നതെന്നാണ് ഇവർ പറഞ്ഞിരുന്നത്.