ജില്ലാ ആശുപത്രിയിലെ കെട്ടിട നിര്‍മാണം : അനില്‍കുമാറിനു മറുപടിയുമായി തിരുവഞ്ചൂര്‍
1598889
Saturday, October 11, 2025 7:00 AM IST
കോട്ടയം: ജില്ലാ ആശുപത്രിയില്‍ കിഫ്ബി മുഖാന്തിരം സര്‍ക്കാര്‍ അനുവദിച്ച പത്തുനില കെട്ടിടത്തിന്റെ നിര്‍മാണം മണ്ണ് നീക്കം ചെയ്യുന്നതിന്റെ പേരില്‍ തടസപ്പെടുത്തിയെന്ന ആരോപണത്തിൽ സിപിഎം നേതാവ് കെ. അനില്‍കുമാറിനു മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
ജില്ലാ ആശുപത്രിയില്‍നിന്നു നീക്കം ചെയ്ത മണ്ണില്‍ കോട്ടയം മണ്ഡലത്തിലേക്ക് അനുവദിച്ചത് പൂര്‍ണമായും വിനിയോഗിച്ചെന്നും ഏറ്റുമാനൂര്‍ മണ്ഡലത്തിലേക്ക് അനുവദിച്ച മണ്ണാണു ഫലപ്രദമായി ഉപയോഗിക്കാതിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിയെ ലക്ഷ്യമാക്കിയുള്ള അനില്‍കുമാറിന്റെ ഒളിയമ്പാണു തനിക്കെതിരേയുള്ള ആരോപണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഇന്റല്‍ എന്ന സര്‍ക്കാര്‍ ഏജന്‍സിക്കാണ് ടെന്‍ഡർ ഇല്ലാതെ ജില്ലാ ആശുപത്രിയുടെ നിര്‍മാണച്ചുമതല കൈമാറിയത്. ഇന്റല്‍ പിന്നീട് ഈ കരാര്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ ടു ഇസഡ് എന്ന സ്വകാര്യ കമ്പനിക്കു കൈമാറി. ഇന്‍കലുമായി ഉണ്ടാക്കിയ കരാറില്‍ ഇവിടെനിന്നു നീക്കം ചെയ്യുന്ന മണ്ണ് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നില്‍ നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിനുവേണ്ടി നല്‍കണമെന്നു നിര്‍ദേശിച്ചിരുന്നു. പിന്നീട് കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ആയിരുന്ന വിഘ്നേശ്വരി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോട്ടയം ജില്ലാ ആശുപത്രിയുടെ നിര്‍മാണത്തിനായി മാറ്റുന്ന മണ്ണ് കോട്ടയം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നു താന്‍ ആവശ്യപ്പെട്ടു.
തന്റെ നിര്‍ദേശത്തെ പൂര്‍ണമായും പിന്തുണച്ച മന്ത്രി വി.എന്‍. വാസവനും കോട്ടയം ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഈ മണ്ണ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. അന്നത്തെ യോഗ തീരുമാനത്തിന്റെ മിനിട്സില്‍ ആദ്യം ഒപ്പിട്ടത് മന്ത്രി വാസവനാണ്. താന്‍ രണ്ടാമതായാണ് ഒപ്പിട്ടത്.
യോഗത്തിന്റെ മിനിട്സും തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഹാജരാക്കി. യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആകെയുള്ള 13,000 ചതുരശ്രമീറ്റര്‍ മണ്ണില്‍ അയ്യായിരം ചതുരശ്രമീറ്റര്‍ മണ്ണ് കോട്ടയം മണ്ഡലത്തിലും ബാക്കിവരുന്ന 8000 ചതുരശ്രമീറ്റര്‍ മണ്ണ് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ 4000 ചതുരശ്രമീറ്ററും ബാക്കി 4000 ചതുരശ്രമീറ്റര്‍ കുട്ടികളുടെ ആശുപത്രിയുടെ വികസനത്തിനും ഉപയോഗിക്കാനാണ് തീരുമാനിച്ചത്.
കോട്ടയം മണ്ഡലത്തിനുവേണ്ടി അനുവദിച്ച മണ്ണ് കോടിമത-മുപ്പായിക്കാട് റോഡിന്റെ വികസനത്തിന് ചെലവഴിച്ചു. ഏറ്റുമാനൂര്‍ മണ്ഡലത്തിന് അനുവദിച്ച മണ്ണ് മെഡിക്കല്‍ കോളജില്‍ ഉപയോഗിച്ചെങ്കിലും കുട്ടികളുടെ ആശുപത്രിയില്‍ ഉപയോഗിക്കാതിരുന്നതിനെത്തുടര്‍ന്ന് അയ്മനം ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപവും പരിപ്പിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഇതു രണ്ടും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലാണ്.
വസ്തുത ഇതായിരിക്കേ മണ്ണ് നീക്കം ചെയ്യാന്‍ താൻ തടസം നില്‍ക്കുന്നതിനാലാണ് ആശുപത്രിയുടെ നിര്‍മാണം തുടങ്ങാന്‍ കഴിയാത്തതെന്ന അനില്‍കുമാറിന്റെ ആരോപണം ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ചെലവഴിക്കാതെ കിടക്കുന്ന മണ്ണിനെപ്പറ്റിയുള്ള വിവരം തന്നെക്കൊണ്ട് പറയിപ്പിക്കുന്നതിനാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. ജില്ലാ ആശുപത്രിയില്‍ പുതിയ മന്ദിരം ഉയരേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. അതിനായി ആദ്യം ചെയ്യേണ്ടത് പഴയ കെട്ടിടം പൊളിച്ചു നീക്കുകയാണ്. അതു ചെയ്യേണ്ടത് എംഎല്‍എ അല്ലെന്നും സര്‍ക്കാരാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.