എംജി സർവകലാശാല : ജൈവവൈജ്ഞാനിക സമ്പദ്വ്യവസ്ഥയിലേക്ക്
1598888
Saturday, October 11, 2025 7:00 AM IST
കോട്ടയം: കേരളത്തിലെ ജൈവ വൈജ്ഞാനിക മേഖലയിലെ നൂതനാശയങ്ങളെയും സംരംഭങ്ങളെയും വളര്‍ത്തിയെടുത്തു സമൂഹത്തിനു പ്രയോജനപ്പെടുന്ന വ്യവസായിക ഉത്പന്നങ്ങള്‍ ആക്കി മാറ്റാനുള്ള ഡിഎന്‍എ സെന്റര്‍ തുടങ്ങാനുള്ള ധാരണാപത്രം മന്ത്രി പി. രാജീവില്‍നിന്നും എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറും രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ഏറ്റുവാങ്ങി.
ഇതോടൊപ്പം ഡിഎന്‍എ സെന്റര്‍ സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് (ഐയുസിബിആറി)ല്‍ തുടങ്ങാനുള്ള ധാരണാ പത്രം എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സി.ടി അരവിന്ദകുമാര്‍, ഐഐയുസിബിആര് ഡയറക്ടര്‍ ഡോ. ഇ.കെ രാധാകൃഷ്ണന് എന്നിവരും ഏറ്റുവാങ്ങി. ഇതുവഴി ജൈവ സമ്പദ് വ്യവസ്ഥയില്‍ അധിഷ്ഠിതമായ തൊഴിലവസരങ്ങളും സാമ്പത്തികവളര്‍ച്ചയും ലക്ഷ്യമിടുന്നു.
കേരള ലൈഫ് സയന്‍സ് പാര്‍ക്കിന്റെ ഭാഗമായി നടന്ന ബയോകണക്ട് 3.0 എന്ന പരിപാടിയിലാണ് ധാരണാപത്രങ്ങള്‍ കൈമാറിയത്. ഇതോടകം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗവേഷണത്തിലും ബയോ നോളജ് എക്കണോമിയിലും കനപ്പെട്ട സംഭാവന നല്‍കിയിട്ടുള്ള എംജി സര്‍വകലാശാലയ്ക്കുള്ള മികച്ച അംഗീകാരമാണിത്.
എംജിക്ക് സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരം
കോട്ടയം: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ജൈവ വൈവിധ്യ പുരസ്കാരം എംജി സര്‍വകലാശാലയ്ക്ക് സമ്മാനിച്ചു. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറില്‍ നിന്നും വൈസ് ചാന്‍സലര്‍ ഡോ.സി ടി അരവിന്ദകുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി.
മന്ത്രി എ.കെ ശശീന്ദ്രന്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോക്ടര്‍ എം.സി.ദത്തന്, പരിസ്ഥിതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി ശ്രീറാം സാംബശിവ റാവു, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രഫ. പി.ഹരികൃഷ്ണന്, ഡോ. എ.എസ്. സുമേഷ് , സര്‍വകലാശാല ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ഡോ.മഹേഷ് മോഹന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പരിസ്ഥിതി സംരക്ഷണ മേഖലയില്‍ സര്‍വ്വകലാശാല സൃഷ്ടിച്ച പുതു മാതൃകകള്‍ക്കുള്ള അംഗീകാരമാണ് ജൈവ വൈവിധ്യ സംരക്ഷണ അവാര്‍ഡ്. സര്‍ക്കാര്‍, സഹകരണ, പൊതു മേഖലകളിലെ മികച്ച ജൈവ-വൈവിധ്യ സംരക്ഷണ സ്ഥാപനമായാണ് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് എംജി സര്‍വകലാശാലയെ തെരഞ്ഞെടുത്തത്. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ തണല്‍വിരിക്കുന്ന കാമ്പസ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായാണ് പ്രവര്‍ത്തിക്കുന്നത്.
ജൈവമാലിന്യങ്ങളും വൃക്ഷങ്ങളുടെ കരിയിലകളും വരെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന നിര്‍മലം എംജിയു ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതിയും കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിടുന്ന ബയോഗ്യാസ് പ്ലാന്റുകളും സൗരോര്‍ജ യൂണിറ്റുകളും സര്‍വകലാശാലാ കാമ്പസിനെ വേറിട്ടതാക്കുന്നു.
ജീവക ലൈവ് ലാബോറട്ടറി, ഓര്‍ഗാനിക് ഫാം, ഔഷധ സസ്യോദ്യാനം, മിയാവാക്കി വനം, ഭൂമി മിത്ര ക്ലബ്ബ്, പരിസ്ഥിതി ശാസ്ത്ര വിദ്യാര്‍ഥികളുടെ ക്ലബ്ബ്, വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും കാമ്പസിലെ മരങ്ങളെ അടുത്തറിയുന്നതിനുപകരിക്കുന്ന ക്യുആര്‍ കോഡ് ഡിസ്പ്ലേ തുടങ്ങി ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിടുന്ന നിരവധി സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും പങ്കുചേരുന്നു.
അധിനിവേശ സസ്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലെ ജൈവവൈവിധ്യ നയരൂപീകരണ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, പ്രളയാനന്തര ദുരന്തനിവാരണ പഠനങ്ങളിലെ പങ്കാളിത്തം, സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പുരസ്കാര നേട്ടത്തിനു സഹായകമായി.