ട്രെയിൻ തട്ടി പരിക്കേറ്റ ഷീലയ്ക്ക് രണ്ടാംജന്മം നൽകി നിത്യസഹായകൻ ട്രസ്റ്റ്
1598897
Saturday, October 11, 2025 7:00 AM IST
കടുത്തുരുത്തി: ട്രെയിന്‍ തട്ടി ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷീലയ്ക്ക് ഇതു രണ്ടാം ജന്മം. വെള്ളൂര്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലെ താമസക്കാരിയായ കോട്ടപ്പുറത്ത് ഷീല(51)യ്ക്കാണ് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റത്.
ഷീലയുടെ വലതുകാല്‍ മുറിച്ചുമാറ്റി. ഇടതുകൈവിരലുകള്‍ അറ്റുപോയി. തലയ്ക്കും മാരകമായി മുറിവേറ്റു. മെഡിക്കല്‍കോളജില്‍നിന്നു ഡിസ്ചാര്‍ജായ ഷീലയ്ക്ക് മുമ്പോട്ടുള്ള ജീവിതം ഏറെ പ്രയാസകരമായ സഹചര്യത്തിലാണ് നിത്യസഹായകന് ട്രസ്റ്റിന്റെ അമ്മവീട് ഷീലയെ ഏറ്റെടുത്തത്.
അറുനൂറ്റിമംഗലം ഗവണ്മെന്റ് ആശുപത്രിയിലെ പാലിയേറ്റീവ് നഴ്സായ ആന്‍സ് അറിയിച്ചതനുസരിച്ചു നിത്യസഹായകന് പ്രസിഡന്റ് അനില്‍ ജോസഫും തോമസ് അഞ്ചമ്പിലും അമ്മവീട് സെക്രട്ടറി വി.കെ. സിന്ധുവും ഷീലയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഷീലയുടെ നിസഹായവസ്ഥ ബോധ്യപ്പെട്ട ട്രസ്റ്റ് അവരെ ഏറ്റെടുക്കുകയായിരുന്നു.
അവിവാഹിതയായ ഷീലയുടെ മാതാപിതാക്കള്‍ നേരത്തേ മരിച്ചിരുന്നു. ആകെയുള്ള ഒരു സഹോദരി പൊതിയിലെ മാനസികരോഗ സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയാണ്. തനിച്ചു കഴിഞ്ഞിരുന്ന നിര്‍ധനയായ ഷീലയ്ക്ക് വീട് നിര്‍മിച്ചു നല്‍കിയത് സമീപവാസിയായ അധ്യാപിക കുഴിക്കാട്ടില്‍ ഷാന്റിയാണ്.
ഇവര്‍ക്കു വേണ്ട മറ്റു സഹായങ്ങളും നല്‍കിയിരുന്നത് ഷാന്റിയാണ്. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഷീലയുടേത്. വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. സോണിയും ഷീലയുടെ അവസ്ഥ നിത്യസഹായകന് ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.