എരുമേലിയുടെ വികസനത്തിന് അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കണം: എംഎൽഎയുടെ സബ്മിഷൻ
1598658
Friday, October 10, 2025 10:27 PM IST
എരുമേലി: മുണ്ടക്കയം-എരുമേലി സംസ്ഥാനപാതയുടെ സമീപം പേരുത്തോട് ജംഗ്ഷനിൽ നിലവിൽ വനംവകുപ്പിന്റെ അധീനതയിലുള്ള അഞ്ച് ഏക്കറോളം സർക്കാർ ഭൂമി എരുമേലിയിലെ വിവിധ വികസന ആവശ്യങ്ങൾക്കായി ഏറ്റെടുക്കുന്നതിന് മന്ത്രിതലയോഗം വിളിച്ചു ചർച്ച നടത്തുമെന്ന് റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
വനംമന്ത്രിയുമായി കൂടിയാലോചിച്ച് എംഎൽഎയെ കൂടി ഉൾപ്പെടുത്തി ചർച്ചയുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്ഥലമില്ലാത്തതിനാൽ ആരംഭിക്കാൻ കഴിയാത്ത ഫയർ സ്റ്റേഷൻ ഉൾപ്പെടെ എരുമേലിയിലെ എല്ലാ സർക്കാർ ഓഫീസുകളും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന മിനി സിവിൽ സ്റ്റേഷൻ ലഭ്യമാക്കുന്ന സ്ഥലത്ത് ക്രമീകരിക്കാനാകുമെന്നു എംഎൽഎ വിശദീകരിച്ചു. ഇപ്പോൾ ആവിഷ്കരിച്ചിട്ടുള്ള എരുമേലി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിവിധ ഔദ്യോഗിക സംവിധാനങ്ങൾ ഒരുക്കുന്നതിനായി വനംവകുപ്പിൽനിന്ന് ഏറ്റെടുത്താൽ ഈ ഭൂമി പ്രയോജനപ്പെടുത്താനാകുമെന്നും എംഎൽഎ വ്യക്തമാക്കി.
ജനസംഖ്യയിലും ഭൂവിസ്തൃതിയിലും ഒന്നാമത്
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയിൽ ഒന്നാംസ്ഥാനത്താണ് എരുമേലി പഞ്ചായത്ത്. ശബരിമലയുടെ പ്രവേശന കവാടം എന്ന നിലയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് അയ്യപ്പഭക്തർ എത്തിച്ചേരുന്ന തീർഥാടന കേന്ദ്രമാണിത്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ആസ്ഥാനവും എരുമേലിയാണ്. പൊതു ആവശ്യങ്ങൾക്കുള്ള സ്ഥലലഭ്യതയുടെ അഭാവം എരുമേലിയുടെ വികസനത്തിൽ വളരെ തടസങ്ങൾ സൃഷ്ടിക്കുന്നു. എരുമേലിയിലെ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
പുതിയ ഫയർ സ്റ്റേഷൻ സ്ഥലം ലഭ്യമാകാത്തതിനാൽ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ശബരിമല തീർഥാടനം, നിർദിഷ്ട എയർപോർട്ട്, പരിഗണനയിലുള്ള ശബരി റെയിൽവേ എന്നിവയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അനിവാര്യമാണ്. പൊതുസ്ഥലം ലഭ്യമാക്കിയാൽ അത് വലിയ നേട്ടമാകും.
അഞ്ച് ഏക്കറിൽ ക്വാർട്ടേഴ്സും ഗാർഡ് ഓഫീസും മാത്രം
വനംവകുപ്പിന്റെ അധീനതയിലുള്ള അഞ്ച് ഏക്കർ സ്ഥലത്ത് വനംവകുപ്പിന്റെ ഒരു ക്വാർട്ടേഴ്സും ഒരു ഗാർഡ് ഓഫീസും മാത്രമാണുള്ളത്. ബാക്കി മുഴുവൻ ഭാഗങ്ങളും കാടുപിടിച്ച് കിടക്കുന്ന സ്ഥിതിയാണുള്ളത്. ഈ ഭൂമിയോട് ചേർന്ന് ഒരിടത്തും വനഭൂമിയില്ല. ഒരു വശം 183എ ദേശീയ പാതയും മറ്റു മൂന്ന് വശങ്ങളിൽ സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങളുമാണ്. ഏത് നിർമാണ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ സ്ഥലവുമാണ്.
വനംവകുപ്പിന്റെ റേഞ്ച് ഓഫീസും മറ്റ് അനുബന്ധ ഓഫീസുകളും സമീപത്ത് ടൗൺ അതിർത്തിയിൽ സ്വന്തം സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഓഫീസിനോട് ചേർന്ന് ഇനിയും സ്ഥലം ലഭ്യവുമാണ്. ഈ സ്ഥലം ലഭ്യമായാൽ മിനി സിവിൽ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡും സ്റ്റേഷൻ മാസ്റ്റർ ഓഫീസും, എരുമേലിയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഫയർ സ്റ്റേഷൻ, എക്സൈസ് ഓഫീസ്, എരുമേലി സ്റ്റേഡിയം തുടങ്ങി എരുമേലിയുടെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന എല്ലാ വിധ സംവിധാനങ്ങളും ഒരുക്കാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു.