22 വർഷം ഫയലുകൾ ചുമന്നു; ഇന്ന് ഷാബിൻ ഗൗണ്‍ അണിയും
1598687
Saturday, October 11, 2025 12:04 AM IST
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: അഭിഭാഷകന്റെ കറുത്ത ഗൗണ്‍ അണിയണമെന്നായിരുന്നു ഷാബിന്റെ സ്വപ്നം. എന്നാൽ ജീവിത പ്രാരാബ്ധങ്ങൾ വിലങ്ങുതടിയായപ്പോൾ അഭിഭാഷകവൃത്തി സ്വപ്നമായി അവശേഷിച്ചു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന പിതാവിനും മകന്റെ മോഹം സഫലമാക്കാനായില്ല. പ്ലസ്ടു പഠനത്തിനു ശേഷം അഭിഭാഷക ക്ലർക്കായി ചേർന്നു. തൊടുപുഴയിലെ അഭിഭാഷകനായ ടോം തോമസ് പൂച്ചാലിലിന്റെ കീഴിൽ ക്ലർക്കായി സേവനമാരംഭിച്ച ഷാബിൻ 22 വർഷം ഫയലുകളുമായി കോടതികൾ കയറിയിറങ്ങി. അപ്പോഴും മനസിൽ അലതല്ലിയത് അഭിഭാഷകനായി കോടതിയിൽ വാദിക്കണമെന്ന ചിന്തയായിരുന്നു.
ഇന്ന് ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്യുന്നതോടെ വർഷങ്ങൾ നീണ്ട തന്റെ സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് ഷാബിൻ.
മുതലക്കോടം ചാലംകോട് തൊട്ടിപ്പറന്പിൽ ബഷീറിന്റെയും ഫാത്തിമയുടെയും മകനാണ് ഷാബിൻ. മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു വരെ വിദ്യാഭ്യാസം. മുന്നോട്ടുള്ള പഠനത്തിനു സാന്പത്തിക പരാധീനത വിലങ്ങുതടിയായപ്പോഴാണ് പഠനം അവസാനിപ്പിച്ച് ജോലി തേടിയത്. ഇതിനായി സ്വകാര്യ എംപ്ലോയ്മെന്റ് ഏജൻസിയിൽ പേര് രജിസ്റ്റർ ചെയ്തു.
ഇതിനിടെ രാവിലെ പത്രവിതരണവും നടത്തിയിരുന്നു. ഏജൻസി നിർദേശിച്ചതനുസരിച്ചാണ് അഡ്വ. ടോം തോമസിന്റെ അടുത്തെത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ കീഴിൽ ക്ലർക്കായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 2003 മുതൽ ടോം തോമസിന്റെ ക്ലാർക്കായി സേവനം ചെയ്യുകയാണ് ഷാബിൻ.
ഇതിനിടയിലാണ് അഭിഭാഷകനാകാനുള്ള ഷാബിന്റെ മോഹം ടോം തോമസ് മനസിലാക്കുന്നത്.
അദ്ദേഹമാണ് നിയമ ബിരുദ പഠനത്തിനു ചേരാൻ നിർദേശിച്ചത്. കുടുംബാംഗങ്ങളുടെ പിന്തുണ കൂടിയായതോടെ അഭിഭാഷകനാകാനുള്ള സ്വപ്നത്തിനു വീണ്ടും ചിറകു മുളച്ചു. ഇതോടെ ഡൽഹി ഗ്ലോബൽ യൂണിവഴ്സിറ്റിക്കു കീഴിൽ അഞ്ചു വർഷ ബിഎ എൽഎൽബി കോഴ്സിനു ചേർന്നു. മുതിർന്ന അഭിഭാഷകരുടെ മാർഗനിർദേശം കൂടി ലഭിച്ചതോടെ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാനായി.
ഇന്ന് അഭിഭാഷക കുപ്പായം അണിയുന്നതോടെ ഷാബിന്റെയും കുടുംബാംഗങ്ങളുടെയും ചിരകാല സ്വപ്നം കൂടിയാണ് പൂവണിയുന്നത്. നിയമവശങ്ങളൊക്കെ ഹൃദിസ്ഥമാണെങ്കിലും വക്കീൽ ഗുമസ്തൻമാർ അഭിഭാഷകരാകുന്നത് അപൂർവമാണ്. ഈ അപൂർവ നേട്ടമാണ് ഷാബിൻ സ്വന്തമാക്കിയത്. സുമയ്യയാണ് ഭാര്യ. മകൾ: സന മെഹസിൻ.