മാര്‍ കാവുകാട്ട് ദൈവികമഹത്വം പകര്‍ന്നുനല്‍കിയ പുണ്യാത്മാവ്: മാര്‍ തോമസ് തറയില്‍
1598416
Friday, October 10, 2025 4:25 AM IST
ചങ്ങനാശേരി: ദൈവികമഹത്വം സമൂഹത്തിനായി പകര്‍ന്നുനല്‍കിയ പുണ്യാത്മാവാണ് ദൈവദാസന് മാര്‍ മാത്യു കാവുകാട്ട് എന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ 56-ാം ചരമ വാര്‍ഷികദിനത്തില്‍ മെത്രാപ്പോലീത്തന്‍പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തില്‍ അനുസ്മരണ കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. മാര്‍ മാത്യു കാവുകാട്ടിന്റെ മെത്രാഭിഷേക പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. നവംബര്‍ ഒമ്പതുവരെയാണ് ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നത്.
ദൈവദാസന്റെ അനുസ്മരണദിനമായ ഇന്നലെ രാവിലെമുതല്‍ കബറിടത്തിങ്കല്‍ വിശുദ്ധകുര്‍ബാനയും അനുസ്മരണ കര്‍മങ്ങളും നടന്നു. 11ന് നടന്ന സമൂഹബലിക്ക് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പൊതിച്ചോര്‍ നേര്‍ച്ചയുടെ വെഞ്ചരിപ്പ് കര്‍മം കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ നിര്‍വഹിച്ചു. വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം സഹകാര്‍മികത്വം വഹിച്ചു. വൈകുന്നേരം നടന്ന സമൂഹബലിക്ക് മാര്‍ ജോര്‍ജ് കോച്ചേരി മുഖ്യകാര്‍മികനായിരുന്നു. റവ.ഡോ.ടോം പുതുപ്പറമ്പില്‍ ആരാധന നയിച്ചു.
മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, റവ.ഡോ. ജോസ് ആലഞ്ചേരി, റവ.ഡോ. ജോസഫ് നടുവിലേഴം, ഫാ. വര്‍ഗീസ് ഇളമ്പുളശേരി, ഫാ. അലന് കാഞ്ഞിരത്തുംമൂട്ടില്‍, ഫാ. ജേക്കബ് പാറയ്ക്കല്‍, ഫാ. ജയിംസ് കുന്നത്ത്, ഫാ ജേക്കബ് അത്തിക്കളം, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, ഫാ. ജോജോ പുതുവേലില്‍, ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ആന്റണി അറയ്ക്കത്തറ, ഫാ.ജോസഫ് കുറശേരി, ഫാ. ജേക്കബ് കളരിക്കല്‍ എന്നിവര്‍ വിവിധ സമയങ്ങളില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. ആയിരക്കണക്കിനു വിശ്വാസികള്‍ ദൈവദാസന്റെ കബറിടത്തില്‍ എത്തി പ്രാര്‍ഥിച്ച് പൊതിച്ചോര്‍ നേര്ച്ചയിലും പങ്കെടുത്താണ് മടങ്ങിയത്.