നീലൂരില്‍ ബസ് കാത്തിരിപ്പുകേന്ദ്രം നോക്കുകുത്തിയായി
1598639
Friday, October 10, 2025 10:26 PM IST
നീലൂര്‍: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച നീലൂരിലെ ബസ് കാത്തിരിപ്പുകേന്ദ്രം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാതെ പാഴാകുന്നു.
ബസ് നിര്‍ത്തുന്ന സ്ഥലം ടൗണിന്റെ മറ്റൊരു ഭാഗത്തായതിനാല് യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രം പ്രയോജനപ്പെടുന്നില്ല. ബസ് കാത്തിരിപ്പുകേന്ദ്രത്തില്നിന്നും മുപ്പത് മീറ്ററോളം മാറിയാണ് ബസുകള്‍ നിര്‍ത്തുന്നത്. സ്ത്രീകളും കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരും വെയിലത്തും മഴയത്തും ടൗണിന്റെ മറ്റൊരു ഭാഗത്ത് ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. യാത്രക്കാര്‍ ഉപയോഗിക്കാതെ വന്നതോടെ ബസ് കാത്തിരിപ്പുകേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായും പരാതിയുണ്ട്. മദ്യക്കുപ്പികളും ബീഡിക്കുറ്റികളും ചിതറിക്കിടക്കുന്നത് കാണാം.
അഞ്ചു ലക്ഷത്തിലധികം രൂപ മുടക്കി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിര്‍മിച്ച വെയിറ്റിംഗ് ഷെഡുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല എന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്കുള്ളത്. പല തവണ ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായിട്ടില്ല. ആര്‍ടിഎ അടക്കമുള്ള വകുപ്പുകളെ സമീപിച്ചിട്ടും പ്രതികരണമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. യാത്രക്കാരുടെ ദുരിതം പരിഹരിക്കുന്നതിന് വേണ്ട നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.