ജില്ലാ ആശുപത്രി കെട്ടിട നിർമാണം: എംഎൽഎയ്ക്കെതിരേ പ്രതിഷേധം
1598890
Saturday, October 11, 2025 7:00 AM IST
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയില്‍ 219 കോടിയുടെ കിഫ്ബി ഫണ്ട് മുഖേന നിര്‍മിക്കുന്ന പത്തുനില കെട്ടിടത്തിന്റെ നിര്‍മാണം മണ്ണു നീക്കത്തിന്റെ പേരില്‍ തടസപ്പെടുത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എക്കെതിരേ എല്‍ഡിഎഫ് പ്രതിഷേധം. എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു എല്‍ഡിഎഫ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്കു മുമ്പില്‍ സമരം നടത്തി.
സിപിഎം സംസ്ഥാനകമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി സന്തോഷ് കേശവനാഥ് അധ്യക്ഷത വഹിച്ചു.
എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എം.കെ. പ്രഭാകരന്, സിപിഎം ഏരിയാ സെക്രട്ടറി ബി. ശശികുമാര്‍, ജില്ലാ കമ്മിറ്റിയംഗം സി.എന്‍. സത്യനേശന്, നഗരസഭാ പ്രതിപക്ഷ നേതാവ് ഷീജ അനില്‍, എല്‍ഡിഎഫ് നേതാക്കളായ പി.ജെ. വര്‍ഗീസ്, എബി കുന്നേപ്പറമ്പില്‍, എന്‍.എന്‍. വിനോദ്, ജോജി കുറുത്തിയാടന്‍, പി.കെ. ആനന്ദക്കുട്ടന്, പോള്‍സണ്‍ പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.