75 സംവത്സരങ്ങളുടെ സുഗന്ധം; രാഷ്ട്രപതിയെ കാത്ത് സെന്റ് തോമസ്
1598409
Friday, October 10, 2025 4:24 AM IST
പാലാ: എഴുപത്തിയഞ്ച് സംവത്സരം പിന്നിട്ട് അവിസ്മരണീയ ഓര്‍മകളുമായി മുന്നേറുന്ന പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജ് രാഷ്ട്രപതിയെ സ്വീകരിക്കാൻ അന്തിമ ഒരുക്കത്തിൽ. പ്ലാറ്റിനം ജൂബിലിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 23ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കോളജിലെത്തും.
നാടും കലാലയവും ജില്ലാ ഭരണകൂടവും മേലധികാരികളും ദ്രുതഗതിയിലുള്ള തയാറെടുപ്പിലാണ്. ഒളിമങ്ങാത്ത ഓര്‍മകളുമായി പഴയ തലമുറയും ഇതിനു സാക്ഷ്യം വഹിക്കുന്നു.
നെഹ്റുവിന്റെ സ്പർശം
1953-1954 അധ്യയന വര്‍ഷത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, കേന്ദ്ര ആഭ്യന്തരമന്ത്രി കെ.എന്‍. കട്ജു, എസ്.കെ. പാട്ടീല്‍ എംപി, സംസ്ഥാന മുഖ്യമന്ത്രി എ.ജെ. ജോണ്‍, തിരു-കൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിര തിരുനാള്‍, ഇന്ദിരാഗാന്ധി, ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി റവ. മാര്ട്ടിന് ലൂക്കാസ്, പൗരസ്ത്യ തിരുസംഘം സെക്രട്ടറി കര്‍ദിനാള്‍ ടിസറന്റ് തുടങ്ങിയ പ്രശസ്ത വ്യക്തികളാണ് വിശിഷ്ടാതിഥികളായി കോളജിലെത്തിയത്.

പ്രൗഢഗംഭീരമായ എ ബ്ലോക്കിന്റെ മുകള്‍നിലയില്‍ നിന്നുകൊണ്ടായിരുന്നു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അന്നു സദസിനെ അഭിസംബോധന ചെയ്തത്.
ഇന്ദിരാഗാന്ധിയുടെ സാന്നിധ്യം
1976ല്‍ കോളജിന്റെ സില്‍വര്‍ ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ സന്ദര്‍ശനവേളയിലാണ് എ ബ്ലോക്കിന് മുന്‍വശമുള്ള സ്ഥലം ടാര്‍ ചെയ്തതും ഹെലിപാഡായി ഉപയോഗിച്ചതും.

പിന്നീട് അടുത്ത കാലം വരെ ഹെലിപാഡ് എന്ന പേരിലാണ് ഈ ഭാഗം എല്ലാവര്ക്കും പരിചിതമായിരുന്നതെന്നു പൂര്വവിദ്യാര്ഥികളില് പലരും ഇന്നും ഓര്‍ക്കുന്നു.
കോളജിന്റെ വലിയ മൈതാനമായിരുന്നു അന്നത്തെ സമ്മേളനവേദി. അന്ന് ഇന്ദിരാ ഗാന്ധിക്കു വേണ്ടി നിര്‍മിച്ച പ്രസംഗവേദി കാമ്പസില്‍ ഇപ്പോഴുമുണ്ട്. 1961-62 അധ്യയന വര്‍ഷത്തില്‍ കോളജ് ഡേ ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നത്തെ ഗവര്‍ണറും പിന്നീട് രാഷ്ട്രപതിയുമായ വി.വി. ഗിരി ആയിരുന്നു.
താരനിര
1967ല്‍ അല്‍ഫോന്‍സാ കോളജുമായി സഹകരിച്ച് കോളജ് അങ്കണത്തില്‍ പല ദിവസങ്ങളായി സംഘടിപ്പിച്ച കലാവിരുന്നില്‍ ഹിന്ദി ചലച്ചിത്രഗാനരംഗത്തെ വിസ്മയമായിരുന്ന മുഹമ്മദ് റാഫി, ഗാനഗന്ധര്വന് കെ.ജെ. യേശുദാസ്, എസ്. ജാനകി, ഹേമലത, പി.ബി. ശ്രീനിവാസന് തുടങ്ങിയവരാണ് പാടാനെത്തിയത്.
സത്യനും പ്രേം നസീറും ഉള്‍പ്പെടെയുള്ള വന്‍ താരനിരയാണ് ഓരോ ദിവസവും ഉദ്ഘാടകരായി എത്തിയത്. കോളജിലെ പൂര്‍വവിദ്യാര്‍ഥിയും സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായ കെ.ജി. ബാലകൃഷ്ണന് 2010ല്‍ കോളജിന്റെ ഡയമണ്ട് ജൂബിലി ഉദ്ഘാടകനായിരുന്നു.
എപിജെ അബ്ദുൾ കലാം
കോളജിന്റെ 62-ാമത് സ്ഥാപന ദിനാഘോഷത്തില്‍ 2012ല്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം വിശിഷ്ടാതിഥിയായി കോളജിലെത്തി. എ ബ്ലോക്കിന്റെ പിന്നിലായി ഒരു ഇലഞ്ഞിത്തൈ നട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഇലഞ്ഞിമരത്തെ സവിശേഷ ശ്രദ്ധയോടെയാണ് കോളജ് പരിപാലിക്കുന്നത്. ആ വര്‍ഷംതന്നെ കോളജില്‍ നടന്ന അന്താരാഷ്ട്ര സെമിനാറിന്റെ ഉദ്ഘാടകനായി പ്രധാനമന്ത്രിയുടെ ശാസ്ത്രോപദേശക സമിതി ചെയര്മാന് ഡോ. സി.എന്‍.ആര്. റാവു കോളജില്‍ എത്തി.
2016ല്‍ നൊബേല്‍ സമ്മാന ജേതാക്കളായ പ്രഫ. അദാമം ഇ. യോനാഥ്, പ്രഫ. ക്ലോസ് വോണ്‍ ക്ലിറ്റ്സിംഗ്, 2018ല്‍ ആസാം സമരനായികയായിരുന്ന ഇറോം ശര്‍മിള, 2025ല്‍ ലോകപ്രശസ്ത സ്കോട്ടിഷ് ചരിത്രകാരനായ വില്യം ഡാല്‍റിംപിള്‍ തുടങ്ങിയ പ്രശസ്ത വ്യക്തികളും കോളജില്‍ വിശിഷ്ടാതിഥികളായി എത്തി.
എഴുപത്തിയഞ്ചു സംവത്സരങ്ങളിലെ അഭിമാനോജ്വലമായ സുന്ദരസ്മൃതികളുടെ അകമ്പടിയോടെയാവും പാലാ സെന്റ് തോമസ് കോളജ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ വരവേല്‍ക്കുന്നത്.