ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: പാസ്റ്റര്‍ അറസ്റ്റിൽ
1598521
Friday, October 10, 2025 6:03 AM IST
ചിങ്ങവനം: ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ പണവും സ്വര്‍ണ ഉരുപ്പടികളും തട്ടിയെടുത്ത കേസില്‍ പാസ്റ്ററെ മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം, മുളങ്കുഴ, ജാസ് ആര്‍ക്കേഡില്‍ പാസ്റ്റര്‍ ടി.പി. ഹരിപ്രസാദ് (45) ആണ് അറസ്റ്റിലായത്.
2023 മുതല്‍ ഇയാള്‍ മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷന് ഓഫ് ഇന്ത്യ എന്ന സ്ഥാപനം നടത്തിവരികയാണ്. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇയാള്‍ പലരിൽനിന്നായി പണവും സ്വര്‍ണ ഉരുപ്പടികളും തട്ടിയെടുത്തത്. കുറുമ്പനാടം സ്വദേശിനിയായ ഒരു യുവതിയുമായി ഇയാള്‍ എട്ട് മാസക്കാലമായി തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലും ഒളിവില്‍ താമസിച്ചുവരികയായിരുന്നു.
കൊല്ലം കപ്പലണ്ടി മുക്കിലെ ഒരു ഫ്ലാറ്റില്‍ ഒളിവില്‍ കഴിഞ്ഞുവരവേയാണ് ഇന്നലെ വെളുപ്പിനെ മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.
മണര്‍കാട് സ്വദേശിനിയായ പരാതിക്കാരിയില്‍നിന്ന് 45 ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിന് മണര്‍കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നിര്‍ദേശാനുസരണം മണര്‍കാട് എസ്എച്ച്ഒ അനില്‍ ജോര്‍ജ്, എസ്ഐ ജസ്റ്റിന് എസ്. മണ്ഡപം, എഎസ്ഐമാരായ രഞ്ജിത്ത് ജി, രാധാകൃഷ്ണന് കെ.എന്‍, രഞ്ജിത്ത് എസ് എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ട്. കുമരകം, ചിങ്ങവനം, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനുകളിലും സമാന സ്വഭാവമുള്ള പരാതികള്‍ ഇയാള്‍ക്കെതിരേ ലഭിച്ചിട്ടുണ്ട്.