ബസിനു പിന്നിൽ നിർത്തിയ കാറിൽ മറ്റൊരു ബസ് ഇടിച്ച് അപകടം
1598517
Friday, October 10, 2025 6:03 AM IST
അതിരമ്പുഴ: ആളെ കയറ്റാൻ നിർത്തിയ ബസിനു പിന്നിൽ നിർത്തിയ കാറിൽ പിന്നാലെ വന്ന മറ്റൊരു ബസ് ഇടിച്ചു. ഏറ്റുമാനൂർ-അതിരമ്പുഴ റോഡിൽ അതിരമ്പുഴ മറ്റം കവലയ്ക്കു സമീപം ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.
മാന്നാനം പള്ളിയിലേക്ക് പോകുകയായിരുന്ന തൃശൂർ പള്ളിക്കുന്ന് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ കുട്ടികളും സ്ത്രീയും ഉൾപ്പെടെയുള്ള യാത്രക്കാർ ഉണ്ടായിരുന്നു.
അപകടത്തിൽ കാർ ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.