യുവജനങ്ങള്‍ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: മേധാ പട്കര്‍
1598410
Friday, October 10, 2025 4:24 AM IST
പാലാ: യുവജനങ്ങള്‍ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരിക്കണമെന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍. പാലാ അല്‍ഫോന്‍സാ കോളജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന റവ. ഡോ. ജോസ് ജോസഫ് പുലവേലില്‍ മെമ്മോറിയല്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം പതിപ്പില്‍ പ്രഭാഷണം നടത്തുകയായിരുന്നു മേധാ പട്കര്‍.
പരിസ്ഥിതിയും ആദിവാസി സമൂഹങ്ങളും സ്ത്രീകളും നേരിടുന്ന ചൂഷണങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന മേഖലകളാണ്. വികസനത്തിന്റെ പേരില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ഭരണഘടനാനുസൃതം തന്നെയാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യം എന്നത് യാഥാര്‍ഥ്യമാകുന്നത് ഏറ്റവും സാധാരണക്കാരായവരുടെയും ശബ്ദം പ്രതിഫലിപ്പിക്കപ്പെടുമ്പോഴാണ്.
ഭരണനിര്‍വഹണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള എല്ലാവരുടെയും സജീവ പങ്കാളിത്തം ഉണ്ടാകണം. മനുഷ്യരോടും പ്രകൃതിയോടും ഒരേപോലെ സൗഹാര്‍ദത്തില്‍ ജീവിക്കാന്‍ കഴിയണമെന്നും കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും അനുകൂലമാണെന്നും അതിനാല്‍ വിദേശത്തേക്കു തങ്ങളുടെ ജീവിതം പറിച്ചുനടാതെ സ്വന്തം നാടിന്റെ ഉന്നതിക്കുവേണ്ടി പരിശ്രമിക്കാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം, യൂത്ത് ഫോറം ഗ്ലോബല്‍ പ്രസിഡന്റ് ഫെലിക്സ് പടിക്കമ്യാലില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാലയങ്ങളിലും വിദ്യാലയങ്ങളില്‍നിന്നുമായി അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പടെ നിരവധി പേര് പ്രഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു.