ജില്ലയിലെ 93,327 കുട്ടികള്‍ക്ക് നാളെ വാക്സിന് നല്‍കും
1598683
Saturday, October 11, 2025 12:04 AM IST
കോട്ടയം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
അഞ്ച് വയസില്‍ താഴെ പ്രായമുള്ള ജില്ലയിലെ 93,327 കുട്ടികള്‍ക്ക് നാളെ വാക്സിന് നല്‍കും. മരുന്നുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. പോളിയോ തുള്ളിമരുന്ന് വിതരണത്തിനു ജില്ലയില്‍ 1,229 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 37 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ എട്ടു മൊബൈല്‍ ടീമുകളുമുണ്ടാകും.
പള്‍സ് പോളിയോ ദിനമായ നാളെ തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് അടുത്ത രണ്ട് ദിവസങ്ങളില്‍ വീടുകളിലെത്തി വാക്സിന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.