മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനം ഇന്ന്
1598532
Friday, October 10, 2025 6:14 AM IST
ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനം ഇന്നു നാലിന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
കൊടിക്കുന്നില്‍ സുരേഷ് എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിലവില്‍ ഉണ്ടായിരുന്ന ഓഫീസ് കെട്ടിടം കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലും അസൗകര്യങ്ങള്‍ നിറഞ്ഞതുമായിരുന്നു. ജോബ് മൈക്കിള്‍ എഎല്എക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ആസ്തി വികസനഫണ്ടില്‍നിന്ന് 2.14 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 26 ലക്ഷം രൂപയും ഉള്‍പ്പെടെ 2.40 കോടി രൂപയ്ക്കാണ് 7900 സ്ക്വയര്‍ ഫീറ്റ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓവേലില്‍ കണ്‍സ്ട്രക്ഷന്‍ ആണ് നിര്‍മാണം നടത്തിയത്.
കാലപ്പഴക്കം ബാധിച്ച കെട്ടിടത്തില്‍ അസൗകര്യങ്ങളുടെ നടുവിലാണ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഓഫീസ് പ്രവര്‍ത്തനത്തിന്റെ ബുദ്ധിമുട്ടുകള്‍ മനസിലായപ്പോള്‍ കെട്ടിടത്തിനായി പണം അനുവദിക്കുകയായിരുന്നു.
ജോബ് മൈക്കിള്‍
എംഎല്‍എ
ഈ ഭരണസമിതിയുടെ കാലത്ത് ബ്ലോക്ക് പഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. ഇക്കാലയളവില്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞു.
എന്‍. രാജു
മാടപ്പള്ളി ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ്
ഓട്ടിസം തെറാപ്പി സെന്റര്‍ 13ന് തുറക്കും
ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച ഭിന്നശേഷി ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി സൗജന്യ തെറാപ്പി സെന്റര്‍ 13ന് 2.30 ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നാടിന് സമര്‍പ്പിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന മറ്റൊരു കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് അത്യാധുനിക സാങ്കേതികവിദ്യയോടുകൂടിയുള്ള സൗജന്യ തെറാപ്പി സെന്റര്‍ ആണ് സജ്ജമാക്കിയിരിക്കുന്നത്.
ഏകദേശം 21 ലക്ഷം രൂപമുടക്കി സാങ്കേതികമായ സൗകര്യങ്ങള്‍ ഒരുക്കിയാണ് തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, വാകത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെ ഭിന്നശേഷി ഓട്ടിസം ബാധിച്ച 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി സെന്റര്‍ തുടങ്ങുന്നത്.
വയോജനങ്ങളുടെ മാനസിക, ശാരീരിക ഉല്ലാസത്തിനായി ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ നിര്‍മാണം പൂര്‍ത്തീകരിച്ച് വയോജന പാര്‍ക്ക് തുറന്നിരുന്നു. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ടുവരെ പാര്‍ക്ക് പ്രവര്‍ത്തിക്കും.