സര്‍ഗസംഗമത്തിന് ഇന്ന് കൊടിയിറക്കം
1598679
Saturday, October 11, 2025 12:04 AM IST
ചങ്ങനാശേരി: പാട്ടും നൃത്തവും അഭിനയവുമായി കൗമാര പ്രതിഭകള്‍ ആടിത്തിമിര്‍ത്ത സര്‍ഗസംഗമത്തിന് ഇന്ന് കൊടിയിറക്കം. മാര്‍ഗംകളിയുടെയും സംഘനൃത്തത്തിന്റെയും ചടുലതാളമായിരുന്നു രണ്ടാം ദിനത്തെ വേദികളെ സമ്പന്നമാക്കിയത്. നാടോടിനൃത്തത്തിലെ നാടോടികളും കുച്ചിപ്പുടിയിലെയും ഭരരനാട്യത്തിലെയും നൃത്തച്ചുവടുകളും പ്രധാന വേദികളില്‍ ആസ്വാദനവിരുന്നായി മാറി. സംഗീതമത്സരം, മിമിക്രി, മോണോആക്ട്. വയലിൻ മത്സരങ്ങളിൽ പുതിയ താരോദയം ഉണ്ടായി. സമാപന ദിവസമായ ഇന്നു മൈമും തിരുവാതിരയും വേദിയിലെത്തും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ജോബ് മൈക്കില്‍ എംഎൽഎ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സുമതി വളവിലെ താരം
സര്ഗസംഗമത്തിലും താരം
ചങ്ങനാശേരി: സുമതി വളവ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെ പുത്തന്‍ താരോദയമായി മാറിയ കൃഷ്ണപ്രിയ എസ്. നായര്‍ സര്‍ഗസംഗമം കലോത്സവത്തില്‍ കാറ്റഗറി മൂന്ന് കുച്ചിപ്പുടിയിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം നേടി താരമായി. പാലാ ചാവറ പബ്ലിക്സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണപ്രിയ സ്കൂള്‍തലം മുതലേ നൃത്തത്തില്‍ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. സിബിഎസ്ഇ കലോത്സവത്തില്‍ സംസ്ഥാനതലത്തില്‍ മുമ്പ് വിജയിയായിട്ടുള്ള കൃഷ്ണപ്രിയ മാളികപ്പുറം എന്ന സിനിമയില്‍ ദേവനന്ദ അഭിനയിച്ച ഒരു സീന്‍ റീലായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ റീല്‍ വൈറലായി ലക്ഷക്കണക്കിനു ആളുകള്‍ കാണുകയും ചെയ്തതോടെ സുമതി വളവ് എന്ന സിനിമയുടെ തിരക്കഥാ കൃത്ത് അഭിലാഷ് പിള്ള കൃഷ്ണപ്രിയയെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. സിനിമയില്‍ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെയാണ് കൃഷ്ണപ്രിയ അവതരിപ്പിച്ചത്. പാലാ പോളിടെക്നിക്കിലെ അധ്യാപകനായ മേവിട മയൂരം വീട്ടില്‍ ശ്യാം രാജിന്റെയും നിര്‍മല നൃത്ത വിദ്യാലയം ഡയറക്ടര്‍ വി.എസ്. ചിത്രയുടെയും മകളാണ്. നൃത്താധ്യാപികയായ അമ്മയാണ് കൃഷ്ണപ്രിയയുടെ ഗുരു.
പാലാ ചാവറ സ്കൂള്‍
തൊട്ടുപിന്നില്‍
കോട്ടയം ലൂര്‍ദ്
ചങ്ങനാശേരി: സര്‍ഗസംഗമം കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോള്‍ 744 പോയിന്റുമായി പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂള്‍ ചാമ്പ്യന്പട്ടത്തിനരികിലെത്തി. 709 പോയിന്റുമായി കോട്ടയം ലൂര്‍ദ് പബ്ലിക് സ്കൂളാണ് രണ്ടാമത്. ആതിഥേയരായ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സ്കൂളാണ് 541 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. കോട്ടയം മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ 538 പോയിന്റുമായി നാലാം സ്ഥാനത്തും കളത്തിപ്പടി ഗിരിദീപം ബഥനി സ്കൂള്‍ 535 പോയിന്റുമായി അഞ്ചാമതുമുണ്ട്.