വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ ഇടപെടും: മന്ത്രി ജോർജ് കുര്യൻ
1598892
Saturday, October 11, 2025 7:00 AM IST
ഏറ്റുമാനൂർ: വഞ്ചിനാട് എക്സ്പ്രസിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഏറ്റുമാനൂരിലെത്തിയ മന്ത്രിക്ക് ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹി ശ്രീജിത്കുമാർ, നഗരസഭാ കൗൺസിലർ ഉഷ സുരേഷ്, ബിജെപി ഭാരവാഹികളായ ശ്രീജിത് കൃഷ്ണൻ, ലാൽ കൃഷ്ണ, സുഭാഷ് എന്നിവർ നൽകിയ നിവേദനത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
വേണാട് എക്സ്പ്രസിനു മുമ്പുള്ള സ്പെഷൽ മെമുവിലെ തിരക്ക് പരിഹരിക്കാൻ 16 കാർ മെമു അനുവദിക്കണമെന്ന ആവശ്യത്തിൽ നടപടികൾ പുരോഗമിക്കുന്നതായും ഉടൻ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ, പാലാ, കുറവിലങ്ങാട് മേഖലകളിലെ നൂറുകണക്കിന് യാത്രക്കാർ ഇപ്പോൾ കോട്ടയത്തെത്തിയാണ് വഞ്ചിനാട് എക്സ്പ്രസിൽ തിരുവനന്തപുരത്തിന് പോകുന്നത്. വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ യാത്രക്കാർക്ക് സമയവും പണവും ലാഭിക്കാനാകും.
എംജി യൂണിവേഴ്സിറ്റി, മെഡിക്കൽ കോളജ്, ഐസിഎച്ച്, ഗവ. ഐടിഐ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, നാലമ്പലം, മാന്നാനം ചാവറ തീർഥാടന കേന്ദ്രം, ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രം, കുറവിലങ്ങാട് പള്ളി, അതിരമ്പുഴ പള്ളി തുടങ്ങിയവ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായി നിവേദകർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഐലൻഡ് പ്ലാറ്റ്ഫോം ആയതുകൊണ്ട് ഷെഡ്യൂളിൽ മാറ്റം വരുത്താതെയും സമയനഷ്ടം കൂടാതെയും സർവീസ് തുടരാനാകുമെന്നതിനാൽ സാങ്കേതിക തടസങ്ങളുമില്ല. യാത്രക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും യാത്രാക്ലേശം പരിഹരിക്കാനുള്ള ശ്രമമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി.