കാത്തിരിപ്പ് അവസാനിച്ചു; വഴിയിട വിശ്രമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
1598529
Friday, October 10, 2025 6:14 AM IST
കടുത്തുരുത്തി: വെള്ളമെത്തിക്കാന്‍ കഴിയാതെ വന്നതോടെ വര്‍ഷങ്ങളോളം പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയാതിരുന്ന കുറുപ്പന്തറയിലെ വഴിയിട വിശ്രമകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഒടുവില്‍ ആരംഭിച്ചു. കുറുപ്പന്തറ കവലയ്ക്കു സമീപം മാഞ്ഞൂര്‍ പഞ്ചായത്ത് നിര്‍മിച്ച വഴിയിടം ടേക്ക് എ ബ്രേക്കാണ് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പ്രവര്‍ത്തനമാരംഭിച്ചത്.
സമീപത്തെ വീട്ടുകാരുമായി രണ്ടു വര്‍ഷത്തെ കരാര്‍ വച്ചു വെള്ളം ലഭ്യമാക്കിയാണ് വഴിയിട വിശ്രമകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാലാ പറഞ്ഞു.
2020-21 പദ്ധതിയില്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസിനു സമീപം വഴിയിട വിശ്രമകേന്ദ്രവും പൊതുശൗചാലയവും പൂര്‍ത്തിയാക്കിയത്. വെള്ളത്തിനായി കുഴല്‍കിണര്‍ കുത്തിയെങ്കിലും വെള്ളം കിട്ടിയില്ല. വാട്ടര്‍ അഥോറിറ്റിയുടെ വെള്ളം ലഭിക്കാനും സാഹചര്യമില്ലായിരുന്നു.വഴിയിട വിശ്രമകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാല അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ സാലമ്മ ജോളി, സുനു ജോര്‍ജ്, ചാക്കോ മത്തായി, പ്രത്യുഷ സുര, ലിസി ജോസഫ്, മഞ്ജു അനില്‍, ബിനോയി ഇമ്മാനുവല്‍, ആനിയമ്മ ജോസഫ്, സെക്രട്ടറി പി.എച്ച്. ഷീജാബീവി തുടങ്ങിയവര്‍ പ്രസംഗിച്ചു.