ദേശീയപാതയിൽ മരുതുംമൂട്ടിലെ തകർന്ന ക്രാഷ് ബാരിയർ നവീകരിക്കണം
1598663
Friday, October 10, 2025 10:27 PM IST
മുണ്ടക്കയം: ദേശീയപാതയിൽ മരുതുംമൂടിനു സമീപത്തെ കൊടുംവളവിൽ വാഹനമിടിച്ചു തകർന്ന ക്രഷ് ബാരിയർ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാലുമാസം മുമ്പുണ്ടായ വാഹനാപകടത്തിലാണ് റോഡിന്റെ വശത്തെ ക്രാഷ് ബാരിയർ തകർന്നത്. ക്രാഷ് ബാരിയറിന്റെ ഒരു ഭാഗം അടർന്നുമാറി നിൽക്കുന്ന അവസ്ഥയിലാണ്. എന്നാൽ, തകർന്ന ക്രാഷ് ബാരിയർ പുനഃസ്ഥാപിക്കാൻ യാതൊരു നടപടിയും നാളിതുവരെയും ദേശീയപാതാ വിഭാഗം സ്വീകരിച്ചിട്ടില്ല.
ഇതിനുശേഷവും മൂന്നോളം അപകടങ്ങൾ റോഡിന്റെ ഈ ഭാഗത്തുണ്ടായിട്ടുണ്ട്. പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് വാഹനങ്ങൾ റോഡിന്റെ വശത്തെ കൊക്കയിലേക്ക് പതിക്കാത്തത്.
ശബരിമല തീർഥാടന കാലത്ത് ഏറ്റവുമധികം വാഹനാപകടങ്ങൾ നടക്കുന്ന മേഖലയാണ് ഇവിടം. മുന്പ് തീർഥാടന കാലത്ത് നിരവധി വാഹനങ്ങളാണ് ഈ കൊടുംവളവിൽ നിയന്ത്രണംവിട്ട് ക്രാഷ്ബാരിയറിൽ ഇടിച്ചുനിന്ന് വൻ അപകടം ഒഴിവായിരിക്കുന്നത്.
ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ഇനി ഒരു മാസം മാത്രമാണ് ബാക്കി നിൽക്കുന്നത്. വഴിപരിചയമില്ലാത്ത വാഹന ഡ്രൈവർമാർ ഇവിടെ അപകത്തിൽപ്പെടുവാനുള്ള സാധ്യത ഏറെയാണ്. തീർഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് പാതയുടെ വശങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി.