ജീവനക്കാരുടെ കുറവ്: വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുന്നു
1598526
Friday, October 10, 2025 6:14 AM IST
വെള്ളൂർ:കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ടും സ്റ്റാഫ് പാറ്റേണിൽ കാര്യമായ മാറ്റമുണ്ടാകാത്തത് വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.മുന്നൂറിലധികം രോഗികൾ ദിനംപ്രതി ഒപിയിൽ ചികിത്സയ്ക്കെത്തുന്ന കുടുംബാരോഗ്യകേന്ദ്രത്തിൽ നാലു ഡോക്ടർമാരാണുള്ളത്.
എഫ്എച്ച്സിയായി ഉയർത്തിയപ്പോൾ മൂന്ന് സ്റ്റാഫ് നഴ്സ്, രണ്ട് ഫാർമസിസ്റ്റ്,രണ്ട് നഴ്സിംഗ് അസിസ്റ്റന്റ് ഗ്രേഡ് 2, രണ്ട് നഴ്സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ വേണമെന്നിരിക്കെ സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ് ഗ്രേഡ് 2,നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ ഓരോ ഒഴിവ് നികത്താത്തത് ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനു തടസമാകുന്നു.
നഴ്സിംഗ് അസിസ്റ്റന്റ് ഒരാൾ മാത്രമുള്ളതിനാൽ ചീട്ടെഴുതാനും മുറിവ് വച്ചുകെട്ടാനുമൊക്കെഏറെ പണിപ്പെടേണ്ടിവരുന്നു. ജീവനക്കാരുടെ കുറവുമൂലം അത്യാവശ്യ സാഹചര്യങ്ങളിൽപോലും ആരോഗ്യ പ്രവർത്തകർക്ക് അവധിയെടുക്കാനാകുന്നില്ല.
സ്വകാര്യആശുപത്രികളും ഡിസ്പെൻസറികളും വെള്ളൂരിലില്ലാത്തതിനാൽ പഞ്ചായത്തിലെ ഏക സർക്കാർ ആശുപത്രിയായ കുടുംബാരോഗ്യകേന്ദ്രത്തെയാണ് നിർധനരോഗികൾ ആശ്രയിക്കുന്നത്. വൈകുന്നേരം ആറോടെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതോടെ വെള്ളൂർ നിവാസികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ ആറുകിലോമീറ്ററകലെയുള്ള പൊതിയിലെ സ്വകാര്യ ആശുപത്രിയിലോ 15 കിലോമീറ്ററകലെയുള്ള വൈക്കം താലൂക്ക് ആശുപത്രിയിലോഎത്തേണ്ട സ്ഥിതിയാണ്.
ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്തണമെന്നാവശ്യപ്പെട്ട് ഡിഎംഒയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിലട്ടില്ല. കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഒഴിവുള്ള തസ്തികകൾ നികത്താൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് വെള്ളൂർ നിവാസികളുടെ ആവശ്യം.
കിടത്തി ചികിൽസയ്ക്ക് സൗകര്യമൊരുക്കണം
വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വർഷങ്ങൾക്ക് മുമ്പ് കിടത്തി ചികിൽസയ്ക്ക് സൗകര്യമുണ്ടായിരുന്നു. രാത്രികാലങ്ങളിൽ രോഗം മൂർച്ഛിക്കുന്നവർക്കും അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കുമൊക്കെ ഇത് ഏറെ ഉപകാരപ്പെട്ടിരുന്നു.
ഇപ്പോൾ വൈകുന്നേരവും രാത്രികാലങ്ങളിലും രോഗികൾ പൊതിയിലോ വൈക്കത്തോ ഓട്ടോറിക്ഷ പിടിച്ച് യഥാക്രമം 300,500രൂപ വാഹന ചാർജ് നൽകിയാണ് ചികിൽസ തേടുന്നത്.നിർധന കുടുംബങ്ങൾക്ക് ഭാരിച്ച യാത്രാചെലവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഗിരിജനാചാരി
സാംസ്കാരികപ്രവർത്തകൻ