ജില്ലാ ആശുപത്രിയിലെ ബഹുനില മന്ദിരം : എംഎൽഎ-എൽഡിഎഫ് തർക്കം രൂക്ഷം
1598513
Friday, October 10, 2025 6:03 AM IST
കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ തടസം നില്ക്കുന്നതായി എല്‍ഡിഎഫ്. ജില്ലാ ആശുപത്രിയില്‍ നിര്‍മിക്കുന്ന ബഹുനില മന്ദിരത്തെച്ചൊല്ലി എല്‍ഡിഎഫും എംഎല്‍എയും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ മണ്ണ് നീക്കം ചെയ്യുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം.
മണ്ണ് നീക്കം ചെയ്യുന്നതിനെ എംഎല്‍എ എതിര്‍ക്കുന്നുവെന്നാരോപിച്ച് ഇന്നു രാവിലെ ഒമ്പതിനു ജില്ലാ ആശുപത്രിക്കു മുന്നില്‍ നിര്‍മാണ സ്തംഭനത്തിനെതിരേ എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും.
കോട്ടയം ജില്ലാ ആശുപത്രിയില്‍ കിഫ്ബി മുഖാന്തിരം സര്‍ക്കാര്‍ അനുവദിച്ച 10 നില കെട്ടിടത്തിന്റെ നിര്‍മാണം മണ്ണുനീക്കം ചെയ്യുന്നതിന്റെ പേരില്‍ തടസപ്പെടുത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ രാജിവച്ച് ഒഴിയണമെന്ന് എല്‍ഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കെട്ടിടത്തിന്റെ പണി നടത്തേണ്ട സ്ഥലത്തിന്റെ താഴത്തെ രണ്ടുനിലകള്‍ക്കായി മണ്ണു നീക്കംചെയ്ത് ശാസ്ത്രി റോഡിന്റെ സമാന്തര റോഡിലേക്ക് അഭിമുഖമായും മറ്റ് എട്ടുനിലകള് തെക്കോട്ട് ആശുപത്രി വളപ്പിലേക്ക് അഭിമുഖമായും നിര്‍മിക്കാനാണ് പ്ലാനും കരാറുമുള്ളത്. വികസ സമിതി യോഗത്തില്‍ ഉള്‍പ്പെടെ നിര്‍മാണസ്ഥലത്തുനിന്നു മണ്ണ് പുറത്ത് കൊണ്ടുപോകുന്നത് എംഎല്‍എ തടഞ്ഞിരുന്നു.
ഒടുവില്‍ മന്ത്രി വി.എന്‍. വാസവന് ഇടപെട്ട് അയ്മനം പഞ്ചായത്തിനെക്കൊണ്ട് കുറെയേറെ മണ്ണു നീക്കി. പക്ഷെ കരാറുകാരന്റെ കാലാവധി തീരുന്നതിനാല്‍ 10 നില നിര്‍മാണം സാധ്യമാകില്ല. ഇതോടെ കെട്ടിടംപണി പൂര്‍ത്തിയാക്കാന്‍ അധിക തുക കണ്ടെത്തേണ്ട ഗതികേടിലായി സര്‍ക്കാര്‍.
കോട്ടയത്തിന്റെ വികസനം സ്തംഭിപ്പിക്കുന്നത് എംഎല്‍എയും കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിലെ യുഡിഎഫ് ഭരണസമിതികളും ചേര്‍ന്നാണെന്ന് വ്യക്തമാണെന്നും എല്‍ഡിഎഫ് ആരോപിച്ചു.
പത്രസമ്മേളനത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ എം.കെ. പ്രഭാകരന്, സിപിഐ മണ്ഡലം സെക്രട്ടറി സന്തോഷ് കേശവനാഥ്, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടന്‍,
എന്‍സിപി സംസ്ഥാന സെക്രട്ടറി സാബു മുരിക്കവേലി, കോണ്‍ഗ്രസ് എസ് സംസ്ഥാന നിര്‍വാഹക സമിതിയംഗം പോള്‍സണ്‍ പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം എല്‍ഡിഎഫ് ആരോപണത്തില്‍ യുഡിഎഫ് ഇന്നു പ്രതികരിക്കും.