പാടശേഖരത്ത് ഡ്രോണ്‍ ഉപയോഗിച്ച് വിത്ത് വിതറി
1598634
Friday, October 10, 2025 9:42 PM IST
പാലാ: കരൂര്‍ പഞ്ചായത്തില്‍ തൊണ്ടിയോടി ചെറുനിലം പാടത്ത് പാടശേഖരസമിതിയുടെയും ആത്മയുടെയും നേതൃത്വത്തില്‍ നടത്തുന്ന നെൽകൃഷിയില്‍ ആധുനിക സാങ്കേതികവിദ്യയായ ഡ്രോണ്‍ ഉപയോഗിച്ച് വിത്ത് വിതറി.
30 കിലോ നെല്‍വിത്ത് വഹിക്കാന്‍ ശേഷിയുള്ള ഡ്രോണാണ് പാടത്ത് ഉപയോഗിച്ചത്. ഒരു മണിക്കൂറില്‍ 70 ഏക്കര്‍ സ്ഥലത്ത് വിത്ത് വിതറാന്‍ ഈ ഡ്രോണിന് കഴിയും. ചെറിയ വീഡിയോയും ഫോട്ടോയും എടുക്കുന്ന ഡ്രോണിനെ മാത്രം കണ്ടിട്ടുള്ള ജനങ്ങള്‍ക്കു വലിയ ഡ്രോണ്‍ കൗതുകമായി.
ഡ്രോണ്‍ ഉപയോഗിച്ച് കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കുന്നതിനും മറ്റു നിരവധി വിധത്തിലുള്ള സേവനങ്ങളും ഉപയാഗപ്പെടുത്തുന്നുണ്ടന്ന് ഡ്രോണ്‍ ഉടമ ജിബിന്‍ ഷാജോ നീണ്ടൂര്‍ ഡ്രീംസ് പറഞ്ഞു. ഏഴ് ഏക്കറോളം സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചത്.
ഡ്രോണ്‍ ഉപയോഗിച്ചുള്ള വിത്തുനടീല്‍ കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാജു ജോര്‍ജ് വെട്ടത്തോട്ട് അധ്യക്ഷത വഹിച്ചു. കരൂര്‍ കൃഷി ഓഫീസര്‍ ഫാരീദുദീന്, വി.ടി. തോമസ്, ഡോ. ബിനി ഫിലിപ്പ്, കെ. ബീന, ഡോ. ലിനി ആലപ്പാട്ട്, പഞ്ചായത്തംഗം പ്രിന്‍സ് അഗസ്റ്റിന് കുര്യത്ത്, എം.ടി. സജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പാടശേഖരസമിതി അംഗങ്ങളായ കെ.ബി സന്തോഷ്, കെ.ടി. സജി, ജോസ് പൊന്നാട്ട്, ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. 15 എക്കറോളം സ്ഥലത്ത് ഇവര്‍ വിവിധ കൃഷികള്‍ നടത്തുന്നുണ്ട്.