പെരുവ-പിറവം റോഡ് : അറ്റകുറ്റപ്പണികൾക്ക് ഇന്നു തുടക്കം
1598522
Friday, October 10, 2025 6:03 AM IST
കടുത്തുരുത്തി: പെരുവ-പിറവം റോഡിലെ കുഴികളടച്ച് അപകടാവസ്ഥ ഒഴിവാക്കുന്നതിനും റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുമുള്ള അറ്റകുറ്റപ്പണികള്‍ ഇന്നുംനാളെയുമായി നടപ്പാക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. റോഡ് നവീകരണത്തിന്റെ പ്രധാന പ്രവൃത്തി ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഇനിയും സമയം ആവശ്യമായ സാഹചര്യത്തിലാണ് മുന്‍കൂറായി അടിയന്തര അറ്റകുറപ്പണി ചെയ്യാന്‍ എംഎല്‍എമാരായ മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ നേരിട്ട് ഇടപെട്ടു നടപടി സ്വീകരിച്ചത്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കെഎസ്ടിപി ചീഫ് എൻജിനിയര്‍, പ്രവൃത്തി ഏറ്റെടുത്ത ഇകെകെ കമ്പനി അധികൃതര്‍, റോഡ് നിര്‍മാണത്തിന്റെ ചുമതലയുള്ള കണ്‍സള്‍ട്ടന്‍സി അധികൃതര്‍ എന്നിവരുമായി എംഎല്‍എമാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്.
പൊതുമരാമത്ത് വകുപ്പ് കെഎസ്ടിപിയുടെ നേതൃത്വത്തില്‍ റീ ടെന്‍ഡര്‍ ചെയ്ത പെരുവ-പിറവം-പെരുവാമൂഴി റോഡില്‍ നടപ്പാക്കുന്ന 120 കോടി രൂപയുടെ ബിഎം ആൻഡ് ബിസി ഹൈടെക് റോഡ് നിര്‍മാണപദ്ധതി പരമാവധി വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും എംഎല്‍എ അറിയിച്ചു.
പിഡബ്ല്യുഡി, കെഎസ്ടിപി വിഭാഗവും കണ്‍സള്‍ട്ടന്‍സിയും ചേര്‍ന്ന് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാലുടൻ റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.