കുട്ടികൾ നിർമിച്ച സ്നേഹഭവനം കൈമാറി
1598528
Friday, October 10, 2025 6:14 AM IST
കടുത്തുരുത്തി: ആക്രി പെറുക്കി സണ്‍ഡേ സ്കൂളിലെയും ചെറുപുഷ്പ മിഷന് ലീഗിലെയും കുട്ടികള്‍ സഹപാഠിക്കുനിര്മിച്ചു നല്കിയ സ്നേഹഭവനത്തിന്റെ വെഞ്ചരിപ്പ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ കുട്ടികള്‍ ആക്രി ശേഖരിച്ചു സഹപാഠിക്കുഭവനം നിര്‍മിച്ചു നല്‍കിയത് ഏവര്‍ക്കും മാതൃകയാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
ഹോം പാലാ പദ്ധതിയുടെ ഭാഗമായി പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു താഴത്തുപള്ളിയില്‍ പൂര്‍ത്തിയാക്കുന്ന 11 -ാമത്തെ ഭവനമാണിത്. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ തിരി തെളിച്ചു കുടുംബനാഥയ്ക്കു കൈമാറി. സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം സഹകാര്‍മികത്വം വഹിച്ചു. ഒമ്പതു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് പൂര്‍ത്തിയാക്കിയത്.
കൈക്കാരന്മാരായ സോണി ആദപ്പള്ളില്‍, ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, ജോസ് ജയിംസ് നിലപ്പനകൊല്ലിയില്‍, ഭവനനിര്‍മാണത്തിനു നേതൃത്വം നല്കിയ ജോര്‍ജ് പുളിക്കീല്‍, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് ടോമി കരിക്കാട്ടില്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, പള്ളി കമ്മിറ്റിയംഗങ്ങള്‍, ഇടവകാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങി നിരവധിപേർ പങ്കെടുത്തു.