മിന്നൽ വളയം! സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ ജനം വലഞ്ഞു
1598413
Friday, October 10, 2025 4:24 AM IST
പാലാ: സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ ജനം ആകെ വലഞ്ഞു. കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ജീവനക്കാർ മിന്നല്‍ പണിമുടക്ക് നടത്തിയത്. കണ്സഷന് നിഷേധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചാണ് ഒരു സ്വകാര്യ ബസിലെ ജീവനക്കാരെ എസ്എഫ്ഐക്കാർ മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം കൊട്ടാരമറ്റത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധ സമ്മേളനത്തിനിടെയാണ് ബസ് ജീവനക്കാര്‍ക്കു മര്‍ദനമേറ്റത്. ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെയായിരുന്നു പണിമുടക്ക്. തൊടുപുഴയില്‍നിന്നുള്ള ബസുകള്‍ ഈരാറ്റുപേട്ട - മുട്ടം കവലയില്‍ വരെ എത്തി തിരിച്ചു തൊടുപുഴയ്ക്കു മടങ്ങി. തൊഴിലാളികള്‍ പ്രകടനവും നടത്തി.
സമരത്തിനെതിരേ റോബിൻ ബസ് ഉടമ
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരെ മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്നലെ നടത്തിയ സ്വകാര്യ ബസ് സമരം പ്രഹസനമാണെന്നു റോബിന് ബസ് ഉടമ ഗിരീഷ്.
തൊഴിലാളിയെ മര്‍ദിച്ച വിഷയത്തില്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ആരും പരാതി നല്‍കിയിട്ടില്ല. വിഷയം രമ്യമായി പരിഹരിച്ചെന്നാണ് സ്വകാര്യ ബസ് ഉടമ പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന സമരം രാഷ്ട്രീയ പ്രേരിതവും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബസുകള്‍ ഇന്നും സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമരം ഉടന്‍ തീര്‍പ്പാക്കണം: പാസഞ്ചേഴ്സ് അസോ.
മുന്നറിയിപ്പ് ഇല്ലാതെ നടന്ന പാലായിലെ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്കുമൂലം നൂറുകണക്കിനു യാത്രക്കാര്‍ വലഞ്ഞതായും തര്‍ക്ക വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് സമരം തീര്‍പ്പാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷന് ചെയര്മാന് ജയ്സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു.
നടപടി ഇല്ലെങ്കില്‍ ഇന്നും പണിമുടക്ക്; സമരം ജില്ലയിലേക്കു വ്യാപിപ്പിക്കും
പാലാ: സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദിച്ചവര്‍ക്കെതിരേ നടപടി ഉണ്ടായില്ലെങ്കില്‍ സമരം ജില്ലാ തലത്തിലേക്കു വ്യാപിപ്പിക്കുമെന്നും ഇന്നും പണിമുടക്ക് നടത്തുമെന്നും തൊഴിലാളി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പോലീസ് നോക്കിനില്‍ക്കെയാണ് ക്രൂരമര്‍ദനം അഴിച്ചുവിട്ടതെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ തൊഴിലാളി പ്രതിനിധികളായ നന്ദന്, ദീപു എ ദാസ്, വിപിന്‍ മാത്യു, ദിലീപ് കുമാര്‍, കെ.ആര്. രതീഷ്, ആര്. ശങ്കരന്‍കുട്ടി നിലപ്പന തുടങ്ങിയവര്‍ പങ്കെടുത്തു.