വെള്ളൂർ പഞ്ചായത്തിന്റെ ഇ-ഓട്ടോ തുരുമ്പിച്ചു നശിക്കുന്നു
1598523
Friday, October 10, 2025 6:14 AM IST
വെള്ളൂർ: വെള്ളൂർ പഞ്ചായത്ത് ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഇ-ഓട്ടോ കട്ടപ്പുറത്തിരുന്ന് തുരുമ്പിച്ച് നശിക്കുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ശുചിത്വമിഷന്റെ രണ്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് ഓട്ടോ വാങ്ങിയത്. ഹരിതകർമസേനാംഗങ്ങൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്നായിരുന്നു പഞ്ചായത്ത് വിഭാവനം ചെയ്തത്.
ഓട്ടോ ചാർജ് ചെയ്യുന്നതിന് ലൈബ്രറിക്ക് മുന്നിലായി പ്രത്യേക സ്വിച്ച് ബോർഡ് പഞ്ചായത്ത് സ്ഥാപിച്ചു. എന്നാൽ ഒരുദിവസംപോലും ഇ-ഓട്ടോ ഓടിക്കാനും മാലിന്യശേഖരണം നടത്താനും കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ലൈബ്രറിക്ക് സമീപമാണ് ഓട്ടോ സൂക്ഷിച്ചിരിക്കുന്നത്. വാങ്ങിയ നാൾമുതൽ ഇ-ഓട്ടോയുടെ ബാറ്ററി പ്രവർത്തനരഹിതമാണെന്നാണ് പഞ്ചായത്ത് പറയുന്നത്.
ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ച് ബസ് സ്റ്റാൻഡിൽ തുമ്പൂർമുഴി മാതൃകയിൽ മാലിന്യസംസ്കരണ യൂണിറ്റ് നിർമിച്ചിട്ടുണ്ട്. ഹോട്ടലുകളിൽനിന്നും പച്ചക്കറിക്കടകളിൽനിന്നും ഹരിതകർമസേന ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ഇതിനുള്ളിലാണ് നിക്ഷേപിക്കുന്നത്. കൃത്യമായ പരിപാലനമില്ലാതെ കമ്പോസ്റ്റ് യൂണിറ്റും ദുർഗന്ധം വമിക്കുന്ന നിലയിലാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പഞ്ചായത്തിന്റെ അനാസ്ഥ
ഇ-ഓട്ടോ ഓടിക്കാൻ ഡ്രൈവറില്ലെന്ന കാരണമാണ് ആദ്യം ഭരണസമിതി പറഞ്ഞിരുന്നത്. നിലവിൽ കട്ടപ്പുറത്തായ വാഹനത്തിന്റെ ബാറ്ററി നശിച്ചു. വാഹനം ഓടിക്കണമെങ്കിൽ ഇനി ഒരുലക്ഷത്തോളം രൂപ മുടക്കണം.
കുര്യാക്കോസ് തോട്ടത്തിൽ
പഞ്ചായത്ത് പ്രതിപക്ഷനേതാവ്
നിയമനടപടി സ്വീകരിച്ചിട്ടുണ്ട്
വാഹനം വാങ്ങിയ നാൾമുതൽ ബാറ്ററി പ്രവർത്തനരഹിതമായിരുന്നു. ഇക്കാര്യം മനസിലാക്കിയതിനെത്തുടർന്ന് വാഹനം പഞ്ചായത്തിനു കൈമാറിയ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞുമാറി. കമ്പനിക്കെതിരേ പഞ്ചായത്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കെ.എൻ.സോണിക
പഞ്ചായത്ത് പ്രസിഡന്റ്