ലീനയുടെ മരണം ആത്മഹത്യ തന്നെയെന്ന് സൂചന
1598685
Saturday, October 11, 2025 12:04 AM IST
ഏറ്റുമാനൂർ: കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തെള്ളകം പൂഴിക്കുന്നേൽ ജോസ് ചാക്കോയുടെ ഭാര്യ ലീനയുടെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിലേക്ക്. വ്യാഴാഴ്ച വൈകുന്നേരം ലഭിച്ച സിസി ടിവി ദൃശ്യങ്ങളും ലീനയുടെ ഭർത്താവിന്റെയും മക്കളുടെയും മൊഴികളും വിശകലനം ചെയ്താണ് പോലീസ് ഈ നിഗമനത്തിൽ എത്തിയത്.
മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിക്കൽ ബോർഡിന്റെ വിശകലനത്തിൽ വോക്കൽകോഡിൽ ഉണ്ടാകുന്ന മുറിവ് ചെറിയ ചലനത്തിൽപ്പോലും വികസിക്കാം. അതിനാൽ ആത്മഹത്യാസാധ്യത തള്ളിക്കളയാനാവില്ലെന്നെന്ന് ബോർഡ് വ്യക്തിമാക്കിയിട്ടുമുണ്ട്.
മെഡിക്കൽ കോളജിനു സമീപം ഹോട്ടൽ നടത്തുന്ന മൂത്തമകൻ ജെറിൻ രാത്രി 12.30ന് വീട്ടിൽ എത്തുമ്പോഴാണ് വിവരം അറിയുന്നതെന്നായിരുന്നു ഇവർ നൽകിയ മൊഴി. അടുക്കള വാതിലിനു സമീപം കിടക്കുന്ന ലീനയെ കണ്ട ജെറിൻ പിതാവ് ജോസിനെ വിളിക്കുകയും ജോസും ജെറിനുംകൂടി ലീനയെ എഴുന്നേൽപ്പിച്ചിരുത്താൻ ശ്രമിച്ചതായുമാണ് ഇവർ പോലീസിനോട് പറഞ്ഞിരുന്നത്.
ജോസിനെയും മക്കളെയും വ്യാഴാഴ്ച രാത്രി 12 വരെ ചോദ്യം ചെയ്തിട്ടും അവർ ആദ്യമൊഴിയിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. ലഭിച്ച സിസി ടിവി ദൃശ്യവും ഇവർ മാെഴിയിൽ പറഞ്ഞ സമയവും സംഭവങ്ങളും സമാനമായിരുന്നു. മറ്റാരും സംഭവസ്ഥലത്തേക്ക് എത്തിയതായി ദൃശ്യങ്ങളിൽ കാണുന്നുമില്ല. കഴുത്തിലെ ആഴമേറിയ മുറിവിന്റെ സ്വഭാവമാണ് കൊലപാതകമാണെന്ന സംശയത്തെ ബലപ്പെടുത്തിയത്.
എന്നാൽ ഈ ഒരു ഘടകം മാത്രം പരിഗണിച്ച് കൊലപാതകമാണെന്ന നിഗമനത്തിൽ എത്താൻ സാധിക്കില്ല. കൊലപാതകമാണെന്ന നിഗമനത്തിൽ എത്താൻ കഴിയുന്ന തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. ലീന ധരിച്ചിരുന്ന സ്വർണ മാലയും ഒരു കമ്മലും കാണാനുണ്ടായിരുന്നില്ല. ഇതും കൊലപാതകമെന്ന സംശയത്തിന് ആക്കം കൂട്ടി. വ്യാഴാഴ്ച വീട്ടിൽ വിശദമായി തെരച്ചിൽ നടത്തിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇന്നലെ വീട്ടിലെ മേശയിൽ ഊരിവച്ച നിലയിൽ ഈ ആഭരണങ്ങൾ ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ലീനയുടെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ പോലീസ് എത്തിയതായാണ് സൂചന.