പഴങ്കഞ്ഞിപ്പാറയും കാട്ടാത്തിപ്പാറയും കഥകൾ പറയുന്ന കൊക്കാത്തോട്
1598688
Saturday, October 11, 2025 12:04 AM IST
കോന്നി: കോന്നിയോട് ചേർന്നിരിക്കുന്ന വനാന്തര ഗ്രാമമാണ് കൊക്കാത്തോട്. മനുഷ്യവാസം തുടങ്ങിയ കാലത്ത്, കോന്നിയിൽനിന്ന് ആളുകൾ കാൽനടയായി, വനത്തിലൂടെ 20 കിലോമീറ്ററോളം ദൂരം നടന്ന് കൊക്കാത്തോട്ടിലെത്തിയിരുന്ന ദിനങ്ങളുണ്ട്.
അന്നത്തെ ഗതാഗത സൗകര്യമില്ലായ്മയിലും ജീവിതപ്രതിസന്ധികളിലും മനുഷ്യർ എഴുതിയ ചരിത്രമാണ് ഈ പ്രദേശം.അത്തരത്തിൽ ഇന്നും ഓർമിക്കപ്പെടുന്നതുതന്നെയാണ് പഴങ്കഞ്ഞിപ്പാറ. കാൽനടയാത്രക്കാർ പ്രഭാതഭക്ഷണമായി കഴിച്ചിരുന്ന പഴങ്കഞ്ഞി ഈ പാറയുടെ മുകളിൽ ഇരുന്ന് കഴിക്കാറായിരുന്നു പതിവത്രേ. ആ ഓർമയെ അനുസ്മരിച്ച് ഈ പാറയ്ക്ക് ലഭിച്ച പേരാണ് പഴങ്കഞ്ഞിപ്പാറ എന്ന് പഴമക്കാർ പറയുന്നു.
കാട്ടാത്തിപ്പാറയുടെ കഥ
കൊക്കാത്തോട്ടിലെ കാട്ടാത്തിപ്പാറ, പാപ്പിനിപ്പാറ, ഒളക്കശാന്തി തുടങ്ങിയ പാറകൾക്കും പേരുകൾക്കും പിന്നിൽ കഥകളുണ്ട്. കാട്ടാത്തിപ്പാറ, അതിന്റെ ഉയരത്തിൽ മാത്രമല്ല, അതിനോടു ചുറ്റിപ്പറ്റിയുള്ള പ്രണയ-പ്രതികാരകഥകളിലും പ്രസിദ്ധമാണ്. ഇവിടെ മലയടിവാരത്ത് താമസിച്ചിരുന്ന കാട്ടുവാസി പെൺകുട്ടിയുടെ ഭർത്താവിനെ ചതിയിലൂടെ കൊലപ്പെടുത്തിയതിന്റെ പ്രതികാരത്തിന് ഈ മല സാക്ഷിയാണെന്ന് കഥ. കൊക്കാത്തോടിന്റെ പ്രകൃതിഭംഗി മാത്രമല്ല, അതിന്റെ സാമൂഹ്യ-ഭൗതിക ചരിത്രവും ശ്രദ്ധേയമാണ്.
ഒരു കാലത്ത്, വയക്കര മൂഴിയിൽ പാലം ഇല്ലാതിരുന്നപ്പോൾ, കോന്നിയിൽ നിന്നുള്ള ജീപ്പുകൾ അച്ചൻകോവിലാറ്റിൽ ഇറങ്ങിക്കയറിയാണ് മറുകര കടന്നിരുന്നത്. മഴക്കാലത്ത് ആറ്റിൽ വെള്ളം കയറിയാൽ ഗ്രാമം ഒറ്റപ്പെടുമായിരുന്നു. അത്തരം കാലങ്ങളിൽ ഹെലികോപ്റ്ററിൽ ഭക്ഷണസാധനങ്ങൾ എത്തിച്ച സംഭവങ്ങളും ഉണ്ട്. വനപ്രദേശമായിരുന്ന ഇവിടെ ഇന്ത്യ-ബർമ യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്കാണ് കൃഷിക്കായി ഭൂമി നൽകിയത്. അതോടെ ആരംഭിച്ച ജനവാസം കാലക്രമേണ വികസിച്ചു.
ഇന്ന് നിരവധി കുടുംബങ്ങൾ കാടിറങ്ങിയെങ്കിലും ചരിത്രം കഥ പറയുന്ന നാട്ടിൽ രണ്ടായിരത്തിൽ പരം കുടുംബങ്ങൾ കാടിനോടും വന്യമൃഗങ്ങളോടും ഏറ്റുമുട്ടി കൃഷി ഉപജീവനമായി ഇവിടെ കഴിയുന്നുണ്ട്. നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന കാട്ടാത്തിയും അതിനു മുകളിൽ നിന്നും ഉയർത്തുന്ന ശബ്ദം മൂന്നായി പ്രതിധ്വനിക്കുന്നതും മറ്റെങ്ങും കേൾക്കാനാവില്ല. അതിന് കൊക്കാത്തോട്ടിൽത്തന്നെ വരണം.