കുമാരനല്ലൂരിൽ അപകടത്തിലേക്ക് പാതതുറന്ന് റെയിൽവേ
1374423
Wednesday, November 29, 2023 7:15 AM IST
കോട്ടയം: കുമാരനല്ലൂരിൽ റെയിൽവേ തുറന്നുവച്ചിരിക്കുന്നത് അപകടത്തിലേക്കുള്ള ഇരട്ടപ്പാത. കുമാരനല്ലൂർ റെയിൽവേ ക്രോസാണ് കാൽനട യാത്രക്കാർക്കു മരണക്കെണിയായിരിക്കുന്നത്. കഴിഞ്ഞദിവസം റെയിൽപാളം മുറിച്ചുകടന്ന യുവതി ട്രെയിൻ തട്ടിമരിച്ചതോടെ റെയിൽവേയുടെ മേൽപ്പാല നിർമാണത്തിലെ അപാകത വീണ്ടും ചർച്ചയാകുകയാണ്. കോടിക്കണക്കിന് രൂപ ചെലവിട്ട് കൂറ്റൻ മേൽപ്പാലം തീർത്തിട്ടും കാൽനടയാത്രക്കാർക്ക് പ്രയോജനപ്പെടാത്തതാണ് അപകടത്തിനു കാരണമാകുന്നത്.
കുമാരനല്ലൂർ ജംഗ്ഷനിൽ എംസി റോഡിനെയും കുടമാളൂർ റോഡിനെയും ബന്ധിപ്പിച്ചാണ് റെയിൽവേ മേൽപ്പാലം തീർത്തിരിക്കുന്നത്. എന്നാൽ 50 മീറ്റർ വീതിയുള്ള റെയിൽവേ ലൈൻ കടക്കാൻ അരക്കിലോമീറ്റർ ദൂരം മേൽപ്പാലത്തിലൂടെ സഞ്ചരിക്കേണ്ടിവരുന്നതിനാൽ കാൽനട യാത്രക്കാർ മേൽപ്പാലത്തിലൂടെ യാത്രചെയ്യാൻ കൂട്ടാക്കാറില്ല. ഗേറ്റ് റെയിൽവേ ഒഴിവാക്കിയിട്ടും ആളുകൾ റെയിൽവേലൈൻ മുറിച്ചാണ് അപ്പുറമിപ്പുറം കടക്കുന്നത്. റെയിൽവേ പാലത്തിന്റെ ഇരുവശവും വലിയ വളവായതിനാൽ ട്രെയിൻ വരുന്നത് കാണാനും സാധിക്കില്ല. ട്രെയിൻ തൊട്ടടുത്തെത്തുന്പോൾ മാത്രമാണ് കാണാൻ കഴിയുക.
കുമാരനല്ലൂർ സ്കൂളിലേക്കും ക്ഷേത്രത്തിലേക്കും കുടമാളൂർ പള്ളിയിലേക്കും ഉൾപ്പെടെ നിരവധി പേരാണ് എംസി റോഡിൽനിന്നു കുടമാളൂർ റോഡിലേക്കും തിരിച്ചും യാത്ര ചെയ്യാൻ റെയിൽപാളം മുറിച്ചുകടക്കുന്നത്. റെയിൽവേ ഗേറ്റ് ഭാഗത്തുനിന്ന് മേൽപ്പാലം കയറാനും ഇറങ്ങാനും ചവിട്ടുപടികൾ തീർത്തിട്ടുണ്ട്. എന്നാൽ, അഭ്യാസികൾക്ക് മാത്രമാണ് ഈ പടികൾ കയറിയിറങ്ങാൻ സാധിക്കുക.
എംസി റോഡ് ഭാഗത്തെ ചവിട്ടുപടിയുടെ ചുവട്ടിൽ റെയിൽവേ ലൈനിന്റെ ഭാഗങ്ങൾ മുറിച്ച് അടുക്കിവച്ച് വഴി തടഞ്ഞിരിക്കുകയാണ്. കുത്തനെയുള്ള ചവിട്ടുപടിക്ക് നൂറോളം നടകളാണുള്ളത്. ആർക്കും കയറാനാകാത്ത വിധം ഇടുങ്ങിയതും പേടിപ്പെടുത്തുന്നതുമാണിത്. ഇതുവഴി ആരും പോകാറേയില്ല. ക്ഷേത്രം ഭാഗത്തുള്ള മേൽപ്പാലത്തിന്റെ ചവിട്ടുപടി സാമൂഹിക വിരുദ്ധരുടെ താവളമാണ്. രാപ്പകലെന്നില്ലാതെ പടികളിൽ മിനി ബാർ പ്രവർത്തിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്.
എംസി റോഡിൽനിന്ന് മേൽപ്പാലത്തിലേക്കുള്ള പ്രവേശന കവാടത്തിൽ ട്രാഫിക് ഐലൻഡോ പോലീസ് നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടില്ല. പാലം കയറുകയും റങ്ങുകയും ചെയ്യുന്ന വാഹനങ്ങൾ വഴിതിരിഞ്ഞുപോകേണ്ടതിന് സഹായിക്കാൻ ദിശാബോർഡോ സിഗ്നൽ ലൈറ്റോ ഇല്ല. അതിനാൽത്തന്നെ ഈ ഭാഗത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ പതിവാണ്.
ക്ഷേത്രം ഭാഗത്തും ഇതേസ്ഥിതിയാണ്. റോഡിനു വീതി കുറഞ്ഞ ഈ ഭാഗത്തുനിന്ന് ഗതാഗതത്തിരക്കുള്ള ദേവീക്ഷേത്രം ഭാഗത്തേക്കും കുടമാളൂർ, മെഡിക്കൽ കോളജ് ബൈപാസിലേക്കും വഴിതിരിഞ്ഞുപോകാൻ വാഹനങ്ങളും ഏറെ ബുദ്ധിമുട്ടും. മേൽപ്പാലത്തിലും സമീപത്തും വഴിവിളക്കുകൾ ഇല്ലാത്തതും അപകടത്തിനു കാരണമാകുന്നു. വളവും തിരിവുമുള്ള പാലം രാത്രിയിൽ വിജനമാണ്.
അണ്ടർപാസ് പ്രതിവിധി
കാൽനട യാത്രികർക്ക് റെയിൽവേലൈൻ മുറിച്ചുകടക്കാൻ ഒരു അണ്ടർപാസ് നിർമിച്ചാൽ അപകടയാത്രയ്ക്കു പരിഹാരമാകും. റെയിൽവേ ലൈനിൽനിന്ന് പത്തടിയോളം താഴ്ന്ന് എംസി റോഡ് പോകുന്നതിനാൽ കാൽനട യാത്രികർക്ക് സുഗമമായി കടന്നുപോകാം. അപകട ഭീഷണി ഇല്ലാതാവുകയും ചെയ്യും.