പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ഗുരുമാവ് നട്ട് ഉഴവൂർ ജയ്ഹിന്ദ് ലൈബ്രറി
1451152
Friday, September 6, 2024 11:06 PM IST
ഉഴവൂർ: ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ഇനി ഗുരുമാവ് തഴച്ചുവളരും. ഇന്നലെകളിൽ അക്ഷരവെളിച്ചം സമ്മാനിച്ച അധ്യാപകരുടെ ഓർമകൾക്കും സ്കൂളിലെത്തുന്ന ഓരോ അധ്യാപകർക്കുമുള്ള ആദരവുമായാണ് ഗുരുമാവ് വളരുകയും മൊട്ടിടുകയും കായ്ക്കുകയും ചെയ്യുക. പഞ്ചായത്തിൽ ആകെയുള്ള ഒൻപത് സ്കൂളുകളിലും ഗുരുമാവ് ഒരുമിച്ച് വളർന്നുതുടങ്ങിയെന്നതും ഏറെ പ്രത്യേകതയായി.
നാടിന് വായനയുടെ ലോകം സമ്മാനിക്കുന്ന ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയാണ് പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ഗുരുമാവ് എന്ന പേരിൽ മാവ് നട്ടുവളർത്താനുള്ള സാഹചര്യമൊരുക്കിയത്. അധ്യാപകദിനാചരണത്തിന്റെ ഭാഗമായാണ് ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനം നടന്നത്. ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സെക്രട്ടറി കെ.സി. ജോണി, വൈസ് പ്രസിഡന്റ് സൈമൺ പരപ്പനാട്ട്, കമ്മിറ്റിയംഗങ്ങളായ സൈമൺ വെട്ടുകല്ലേൽ, ഷാജി പന്നിമറ്റത്തിൽ എന്നിവരാണ് ഗുരുവന്ദനത്തിന്റെ ഭാഗമായി മാവിൻതൈകളുമായി സ്കൂളുകളിലെത്തി അധ്യാപകർക്കും വിദ്യാർഥികൾക്കൊപ്പം മാവിൻതൈ നട്ടത്.
സ്കൂളുകളുടെ ആരംഭം മുതൽ സേവനം ചെയ്ത അധ്യാപകരെ ഓർമിക്കാനും ഇപ്പോഴുള്ള സേവനം സ്മരിക്കാനുമാണ് ഓർമകൾക്കൊപ്പം വളരുന്ന മാവിൻതൈ നട്ടതെന്ന് ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും സെക്രട്ടറി കെ.സി. ജോണിയും പറഞ്ഞു.
ഒഎൽഎൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ജെ. ബിനോയി, ഹെഡ്മാസ്റ്റർ ഷാജു ജോസഫ്, സെന്റ് ജോവാനാസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രദീപ, സെന്റ് സ്റ്റീഫൻസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിനി മാത്യു, മോനിപ്പള്ളി എൻഎസ്എസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ഡാലിയ സുനിൽ, മോനിപ്പള്ളി ഹോളിക്രോസ് എൽപിഎസ് ഹെഡ്മിസ്ട്രസ് ജൂസി തോമസ്, മോനിപ്പള്ളി ഗവ. എൽപിഎസ് ഹെഡ്മിസ്ട്രസ് കെ.ആർ. ശോഭന, ചീങ്കല്ലേൽ സെന്റ് തോമസ് എൽപിഎസ് ഹെഡ്മാസ്റ്റർ ജോസ് രാഗാദ്രി എന്നിവരും അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് മാവിൻ തൈകൾ ഏറ്റുവാങ്ങി നട്ടത്.