മെഡിക്കൽ കോളജിലെ സീറോ വെയ്സ്റ്റ് പദ്ധതി താളം തെറ്റി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1451559
Sunday, September 8, 2024 4:55 AM IST
കോഴിക്കോട്: മെഡിക്കൽ കോളജിലെ മാലിന്യസംസ്കരണത്തിനുള്ള സീറോ വെയ്സ്റ്റ് പദ്ധതി താളം തെറ്റിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് പരാതി പരിശോധിച്ച് 15 ദിവസത്തികം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഇൻസിനറേറ്റർ പണി മുടക്കിയിട്ട് ഒരു മാസം പിന്നിട്ടെന്നാണ് പരാതി.
ഇതോടെ മെഡിക്കൽ കോളജിലെ മാലിന്യസംസ്കരണം നിലച്ചു. കാമ്പസിലെ ഒരു ഇൻസിനറേറ്റർ ഒരു മാസം മുമ്പ് പ്രവർത്തനം നിലച്ചിരുന്നു. നിലവിലുള്ള ഇൻസിനറേറ്ററിന്റെ പ്രവർത്തനം കൂടി നിലച്ചതോടെ മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.
ദിനംപ്രതി നൂറുകണക്കിനാളുകൾ എത്തുന്ന മെഡിക്കൽ കോളജ് ഇതോടെ പകർച്ചവ്യാധി ഭീഷണിയിലാണെന്നും പരാതിയിലുണ്ട്. വിദ്യാർഥികളുടെ ഹോസ്റ്റലിനും ജീവനക്കാരുടെ ക്വാർട്ടേഴ്സിനും സമീപമാണ് മാലിന്യം കുന്നുകൂടുന്നത്.
ഇൻസിനറേറ്ററിന്റെ വാർഷിക അറ്റകുറ്റപണികൾക്ക് കരാറായിട്ടില്ലെന്നും ആരോപണമുണ്ട്. ദിനംപ്രതി 5000 കിലോ മാലിന്യമാണ് മെഡിക്കൽ കോളജിൽ നിന്നുണ്ടാവുന്നത്. കോവിഡ് കാലത്ത് ഉണ്ടായ മാലിന്യം സംസ്ക്കരിക്കാതെ ഇപ്പോഴും ഇൻസിനറേറ്ററിന് സമീപം കെട്ടി കിടക്കുകയാണെന്നും ആരോപണമുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഈ മാസം 27 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.