വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
1451190
Saturday, September 7, 2024 12:18 AM IST
വാഴൂർ: കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഗോപുരത്തിനോട് ചേർന്നുള്ള അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. പുളിക്കൽക്കവല നെടുമാവ് കണ്ണന്താനംവീട്ടിൽ ലിഞ്ചി - സുമി ദമ്പതികളുടെ മകൻ ലിറാൻ ലിഞ്ചോ ജോൺ (17) ആണ് മരിച്ചത്.
വാഴൂർ എസ്വിആർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ വൈകുന്നേരം 5.30 ഓ ടെയായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് സ്കൂളിൽനിന്നു കൊടുങ്ങൂരിലെ ജിമ്മിലെത്തി വ്യായാമത്തിന് ശേഷം സുഹൃത്തുക്കളുമൊത്ത് സമീപത്തെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ലിറാൻ. നീന്തുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതോടെ പാമ്പാടി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയും കോട്ടയത്തുനിന്നു സ്കൂബാ ടീമുമെത്തി നടത്തിയ തെരച്ചിലിൽ 6.30 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സഹോദരൻ: ലിറോൻ. സംസ്കാരം പിന്നീട്.