മാലിന്യകേന്ദ്രമായി വെള്ളനാടി-വട്ടക്കാവ് റോഡ്
1451455
Sunday, September 8, 2024 2:33 AM IST
മുണ്ടക്കയം: മാലിന്യകേന്ദ്രമായി വെള്ളനാടി-വട്ടക്കാവ് റോഡ്. ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ ഭാഗമായ റോഡിന്റെ ഇരുവശങ്ങളിലും ചാക്കിൽ കെട്ടിയും അല്ലാതെയുമായി വൻതോതിലാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും ഉൾപ്പെടെയാണ് റോഡിന്റെ ഇരുവശത്തും തള്ളിയിരിക്കുന്നത്.
ജനവാസം കുറവായ മേഖലയായതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ ഇവിടെ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സാധിക്കുന്നുമില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആളുകളുടെ കണ്ണുവെട്ടിച്ചാണ് ഇവിടെ വൻതോതിൽ മാലിന്യം തള്ളുന്നത്. ഇതോടെ മേഖലയിൽ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യവും വർധിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പും ഈ മേഖലയിൽ മാലിന്യംതള്ളൽ രൂക്ഷമായിരുന്നു.
മുൻകാലങ്ങളിലും ഇവിടെ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാരുടെ നേതൃത്വത്തിൽ കത്തിച്ച സംഭവം വരെ അരങ്ങേറിയിട്ടുണ്ട്. അതേസമയം മുണ്ടക്കയത്തെ വ്യാപാരസ്ഥാപനങ്ങളിൽനിന്നു പണം കൈപ്പറ്റി സ്ഥാപനങ്ങളിലെ വേസ്റ്റുകൾ വണ്ടിയിൽ കൊണ്ടുപോയി വിജനമായ സ്ഥലങ്ങളിൽ തള്ളുന്ന സംഘങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു.
ഇത്തരം ആളുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസവും മാലിന്യം കൊണ്ടുവന്ന് തള്ളുകയാണ്. ഒരു പ്രദേശത്ത് ആളുകൾ പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ മറ്റൊരു സ്ഥലത്ത് മാലിന്യം തള്ളും. ഇത്തരത്തിലുള്ള ആളുകളാണ് വെള്ളനാടി-വട്ടക്കാവ് റോഡിലും മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും മേഖലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.