കാഞ്ഞിരപ്പള്ളി എസ്ഡി കോളജിൽ വജ്രജൂബിലി വിദ്യാഭ്യാസ പ്രദർശനം
1451193
Saturday, September 7, 2024 12:18 AM IST
കാഞ്ഞിരപ്പള്ളി: വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് ഡൊമിനിക്സ് കോളജിൽ ‘സ്പെക്ട്ര ഡയമൺഡ് ജൂബിലി എക്സ്പോ’ വിദ്യാഭ്യാസ പ്രദർശനം 26, 27, 28 തീയതികളിൽ നടത്തും.
26ന് ഡയമണ്ട് ജൂബിലി എക്സിബിഷൻ ആന്റോ ആന്റണി എംപിയും 27ന് കലാപരിപാടികൾ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും 28ന് കലാ-സാംസ്കാരിക പരിപാടികൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും ഉദ്ഘാടനം ചെയ്യും.
കോളജിലെ രാജ്യാന്തരനിലവാരത്തിലുള്ള ലബോറട്ടറികൾ, പൂന്തോട്ടം, സസ്യ- ജന്തുശാസ്ത്ര വിഭാഗങ്ങളിലെ ആകർഷകമായ ശേഖരങ്ങൾ മുതലായവയെല്ലാം പ്രദേശത്തെ വിജ്ഞാനകുതുകികള്ക്കു മുന്പിൽ തുറന്നിടുകയാണ് ഈ പ്രദർശനാവസരത്തിൽ.
ഗണിതശാസ്ത്രതത്വങ്ങൾ സരളമായി മനസിലാക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാകും. ഫിസിക്സിലും കെമിസ്ട്രിയിലും പ്ലസ് ടു വരെയും കോളജിലും കുട്ടികൾ പഠിക്കുന്ന തത്വങ്ങൾ ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ വിശദീകരിക്കുന്ന പരീക്ഷണശാലകളും ഡാർക്ക് റൂമും പ്രദർശനത്തിന്റെ ഭാഗമാവും. 160 ഓളം നെല്ലിനങ്ങൾ, അപൂർവസസ്യങ്ങൾ, വൃക്ഷങ്ങളുടെയും തടികളുടെയും സവിശേഷതകൾ, പൂക്കൾ, പഴങ്ങൾ എന്നിങ്ങനെ സസ്യശാസ്ത്രത്തിലെ വൈവിധ്യമാർന്ന അദ്ഭുത കാഴ്ചകളുടെ ലോകം കാഴ്ചക്കാർക്കായി ഒരുങ്ങും. കളരിയും അത് അഭ്യസിക്കുന്ന വേദിയും കളരിയിൽ ഉപയോഗിക്കുന്ന ആയുധ-ഉപകരണങ്ങളും പ്രദർശിപ്പിക്കും.
പുരാതനവും അപൂർവവുമായ നാണയങ്ങൾ, നൂറും ആയിരവും മുഖവിലയുള്ള സ്മാരക നാണയങ്ങൾ എന്നിവയും പ്രദർശനത്തിൽ കാണാവുന്നതാണ്. മലയാള പ്രസിദ്ധീകരണങ്ങളുടെ വിപുലശേഖരവും പ്രദർശനത്തിനെത്തും. റിസർവ് ബാങ്ക് മുതൽ എടിഎം മെഷീൻ വരെയും കമ്പനികളും സാമ്പത്തിക ഇടപാടുകളും പ്രവർത്തിക്കുന്നതെങ്ങനെയെന്ന് എളുപ്പത്തിൽ മനസിലാക്കാൻ ഈ പ്രദർശനത്തിൽ അവസരം ഉണ്ടായിരിക്കും. ലോക പ്രസിദ്ധ സാഹിത്യകൃതികളുടെയും കഥാപാത്രങ്ങളുടെയും രസകരമായ അനുഭവങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നുണ്ട്. നൂതന കാർഷികരീതികളും ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ എന്നീ ഇനങ്ങൾ ഏതൊരു വ്യക്തിക്കും പ്രയോഗികാവബോധം നൽകുന്നതാണ്.
ഫിസിക്കൽ ഫിറ്റ്നസ് ഉപകരണങ്ങളുടെ പ്രദർശനവും അവയുടെ പ്രയോജനവും ഉപയോഗരീതിയും വ്യാഖ്യാനിക്കുന്ന വിദഗ്ധരും ഉണ്ടായിരിക്കും. ഫുഡ് കോർട്ടുകളും കലാപരിപാടികളും ദിവസവും ഉണ്ടായിരിക്കും. വ്യത്യസ്ത പ്രദർശന വേദികളിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്ന ഗെയിമുകളും ഒരുങ്ങുന്നുണ്ട്. പ്രദർശനത്തിനായി മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ബർസാർ ഫാ. മനോജ് പാലക്കുടി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
മുൻകൂട്ടി ടിക്കറ്റുകൾ എടുക്കുന്നതിനും വിശദാംശങ്ങൾക്കും ഫോൺ - 7907483038, 9495750916, 8157896479.
പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ബസാർ ഫാ. മനോജ് പാലക്കുടി, സെൽഫ് ഫൈനാൻസിംഗ് വിഭാഗം ഡയറക്ടർ ഡോ. ജോജോ ജോർജ്, ജൂബിലി കൺവീനർ ബിനോ പി. ജോസ്, എക്സിബിഷൻ കോ-ഓർഡിനേറ്റർ പ്രതീഷ് ഏബ്രഹാം, വിദ്യാർഥി പ്രതിനിധികളായ ഫസ്ന നസറുദ്ദീൻ, അതുൽ കൃഷ്ണ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.