പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിരിക്കുന്ന ഭാഗത്തേക്ക് റോഡ് നിർമിച്ചു; പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും ബിജെപിയും
1451130
Friday, September 6, 2024 7:14 AM IST
വൈക്കം: പഞ്ചായത്തിന്റെ പല ഭാഗത്തും റോഡുകൾ തകർന്നുകിടക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിരിക്കുന്ന ഭാഗത്തേക്കുള്ള റോഡ് നന്നാക്കിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ് പോസ്റ്റർ പതിപ്പിച്ചു.
എൽഡിഎഫ് ഭരണം നടത്തുന്ന ടിവിപുരം പഞ്ചായത്തിൽ ഇപ്പോൾ സിപിഐയ്ക്കാണ് പ്രസിഡന്റു സ്ഥാനം. മുന്നണി ഭരണമായതിനാൽ പരസ്യമായ എതിർപ്പിനു മുതിരാതെ ഡിവൈഎഫ്ഐ പോസ്റ്റർ പതിക്കുകയായിരുന്നു.
സിപിഐ അംഗമായ പ്രസിഡന്റ് ശ്രീജി ഷാജിയുടെ 11-ാം വാർഡിലെ വീടുൾപ്പെട്ട ഭാഗത്തെ 91 മീറ്റർ ഭാഗമാണ് 3.17 ലക്ഷം രൂപ ചെലവഴിച്ച് തറയോടു പാകിയത്. ഈ ഭാഗത്ത് ഏഴു വീടുകളാണുള്ളത്. റോഡ് നന്നാക്കിയതിൽ പ്രതിഷേധിച്ച് ബിജെപിയും രംഗത്തുവന്നു.