കൊന്നൊടുക്കിയ താറാവുകളുടെ വില നൽകിയില്ല; താറാവുകളെ വളർത്തുന്നതിനു തടസവും
1451486
Sunday, September 8, 2024 3:01 AM IST
ആലപ്പുഴ: വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കിയതുമൂലം വന്‍ നഷ്ടം നേരിട്ട കോഴി, താറാവ് കര്‍ഷകര്‍ നഷ്ടപരിഹാരം ലഭിക്കാത്തിനാൽ കടക്കെണിയിലായത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. പക്ഷികളെ വളര്‍ത്തി നഷ്ടത്തില്‍ നിന്നു കരകയറാനുള്ള ശ്രമത്തിനിടെയാണ് ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
പക്ഷിപ്പനിയുടെ പേരില്‍ പക്ഷി വളര്‍ത്തല്‍ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍, പക്ഷിപ്പനി മൂലം കൊന്നൊടുക്കിയ വളര്‍ത്തുപക്ഷികളുടെ നഷ്ടപരിഹാരം ഇതുവരെ കര്‍ഷകര്‍ക്കു നല്‍കിയില്ലെന്നത് ആക്ഷേപമാകുന്നു. 2.19 കോടി രൂപയാണ് ജില്ലയിലെ 909 കര്‍ഷകര്‍ക്കു നല്‍കാനുള്ളത്.
പക്ഷിപ്പനി മൂലം ജില്ലയില്‍ ആകെ 1,89,977 വളര്‍ത്തുപക്ഷികളെയാണു കൊന്നൊടുക്കിയത്. 60 ദിവസത്തില്‍ താഴെ പ്രായമുള്ള കോഴികള്‍ക്കും താറാവുകള്‍ക്കും 100 രൂപ വീതവും 60 ദിവസത്തില്‍ കൂടുതല്‍ പ്രായമുള്ളവയ്ക്ക് 200 രൂപയുമാണു നഷ്ടപരിഹാരം നല്‍കുന്നത്. നഷ്ടപരിഹാരം കണക്കാക്കി മൃഗസംരക്ഷണവകുപ്പ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല.
ഏപ്രില്‍ മുതല്‍ ആരംഭിച്ച പക്ഷിപ്പനി ജില്ലയിലെ കോഴി, താറാവ് വളര്‍ത്തല്‍ മേഖലയെ തകര്‍ത്തിരുന്നു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കിയതിനു പുറമേ 3 മാസത്തേക്കു പുതിയ പക്ഷികളെ വളര്‍ത്തുന്നതിനു നിയന്ത്രണവും ഏര്‍പ്പെടുത്തി. ഏപ്രില്‍ 14നാണ് ജില്ലയില്‍ ഈ വര്‍ഷം ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്.
വായ്പകള്‍ക്കു മോറട്ടോറിയമില്ല
ആദ്യം രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിയന്ത്രണം പൂര്‍ത്തിയാക്കി കര്‍ഷകര്‍ കോഴികളെയും താറാവുകളെയും വളര്‍ത്താന്‍ തുടങ്ങിയിരുന്നു. സ്വകാര്യ ഹാച്ചറികളില്‍ കുഞ്ഞുങ്ങളെ വിരിയിക്കാനും തുടങ്ങി. മറ്റു സ്ഥലങ്ങളില്‍ നിയന്ത്രണം നീങ്ങി പക്ഷികളെ വളര്‍ത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിനിടെയാണ് ജില്ല മുഴുവന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം. ഈ കാലയളവില്‍ പകരം വരുമാനമാര്‍ഗം കണ്ടെത്തിത്തരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
ഭൂരിഭാഗം കര്‍ഷകരും വായ്പയെടുത്താണു കൃഷി നടത്തുന്നത് എന്നതിനാല്‍ ഈ കാലയളവില്‍ വായ്പകള്‍ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്. കേന്ദ്വഹിതം ലഭിക്കാത്തതുമൂലമാണു നഷ്ടപരിഹാരം വൈകുന്നതെന്നു മൃഗസംരക്ഷണവകുപ്പ് വിശദീകരിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്കു നഷ്ടപരിഹാരം വിതരണം ചെയ്തയിനത്തില്‍ 5.3 കോടി രൂപ കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുണ്ടെന്നാണ് ഭാഷ്യം.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളില്‍ ആശയക്കുഴപ്പവും ആശങ്കയും നിലവിലുണ്ട്. നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ നിലവിലുള്ള വളര്‍ത്തു പക്ഷികളുടെ ഇറച്ചിയും മുട്ടയും ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാമെങ്കിലും മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ വളര്‍ത്താനോ വളര്‍ത്താനായി പക്ഷിക്കുഞ്ഞുങ്ങളെ ഇങ്ങോട്ടു കൊണ്ടുവരാനോ പാടില്ലെന്നാണു നിര്‍ദേശം.
ദേശാടനപ്പക്ഷികളെ പേടിച്ച്
ദേശാടനപ്പക്ഷികളാണു രോഗകാരണമായ വൈറസ് കൊണ്ടുവരുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിയന്ത്രണം. ദേശാടനപ്പക്ഷികള്‍ ഏറ്റവും കൂടുതലായി എത്തുന്ന മാസങ്ങളില്‍ നിയന്ത്രിതമേഖലയില് വളര്‍ത്തുപക്ഷികളുടെ എണ്ണം പരമാവധി കുറയ്ക്കുകയാണു ലക്ഷ്യമെന്നു മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധര്‍ അറിയിച്ചു.
നിലവില്‍ രോഗബാധയില്ലാത്തതിനാല്‍ ഇറച്ചിയും മുട്ടയും കഴിക്കുന്നതിനു തടസമില്ല. പുറത്തുനിന്നു കൊണ്ടുവന്നാലം ളര്ത്തുപക്ഷികളുടെ എണ്ണം കൂടുമെന്നതിനാലാണ് അതിനും നിരോധനം ഏര്‍പ്പെുത്തിയത്. ദേശാടനപ്പക്ഷികളെ പേടിച്ച് എത്രകാലം വളര്‍ത്തുപക്ഷികളുടെ എണ്ണം നിയന്ത്രിക്കാനാകുമെന്ന ചോദ്യത്തിന് മൃഗസംരക്ഷണ വകുപ്പിനും ഉത്തരമില്ല. ഡിസംബര്‍ 31 വരെയാണു നിയന്ത്രണം. ഇതിനു ശേഷം വളര്‍ത്തു പക്ഷികളുടെ എണ്ണം വര്‍ധിച്ചാല്‍ രോഗബാധയുണ്ടാകില്ലേ എന്ന ചോദ്യത്തിന്, ഒരു വര്‍ഷത്തേക്കു രോഗബാധ ഇല്ലാതാക്കാനാണ് ആദ്യശ്രമമെന്നാണു മറുപടി.
ഏപ്രില്‍ മുതല്‍ 3 മാസം നീണ്ട പക്ഷിപ്പനി വ്യാപനത്തിനും തുടര്‍ന്ന് 3 മാസത്തെ നിയന്ത്രണങ്ങള്‍ക്കും ശേഷം കര്‍ഷകര്‍ വീണ്ടും കോഴി, താറാവു വളര്‍ത്തലിലേക്കു നീങ്ങുമ്പോഴാണു കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചത്.
കോഴി, താറാവ് വ്യാപാര മേഖലയെ തകര്‍ക്കുന്നതാണു നിയന്ത്രണമെന്ന പരാതി ഉയര്‍ന്നു. 2014 മുതല്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത്രയും കടുത്ത നിയന്ത്രണം ആദ്യമായതിനാല്‍ എങ്ങനെ നടപ്പാക്കുമെന്നു മൃഗസംരക്ഷണ വകുപ്പിന് ആശങ്കയുണ്ട്.