പുളിന്തറ വളവില്‍ റോഡ് ആന്‍ഡ് സേഫ്റ്റി അഥോറിറ്റി ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി
1451126
Friday, September 6, 2024 7:14 AM IST
കടുത്തുരുത്തി: അപകടങ്ങള്‍ തുടര്‍ക്കഥയായ ഏറ്റുമാനൂര്‍ - വൈക്കം റോഡിലെ പുളിന്തറ വളവില്‍ റോഡ് ആന്‍ഡ് സേഫ്റ്റി അഥോറിറ്റി ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും പരാതിക്കാരും ഉൾപ്പെടെ സംയുക്ത പരിശോധനയാണ് നടന്നത്. പരിശോധനയില്‍ പുളിന്തറ വളവില്‍ അപകട ഭീഷണിയുള്ളതായി മനസിലാക്കിയതായി പരിശോധകസംഘാംഗങ്ങൾ പറഞ്ഞു.
പുളിന്തറ വളവിലെ അപകടഭീഷണി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഡിപ്പാര്‍ട്ടുമെന്റിന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധക സംഘം സ്ഥലം സന്ദര്‍ശിച്ചത്. ഇവിടുത്തെ പ്രശ്നം എന്തെന്ന് മനസിലാക്കി പരിഹാരത്തിനുള്ള മാര്ഗങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് നല്കുകയെന്നതായിരുന്നു സന്ദര്‍ശന ലക്ഷ്യം. പ്രശ്നത്തിന് ശാശ്വപരിഹാരമുണ്ടാകണമെങ്കില് വളവ് നിവര്‍ത്തുക മാത്രമാണ് പോംവഴിയെന്നും ഇതിനു സമയമെടുക്കുമെന്നതിനാല്‍ താത്കാലിക മാര്‍ഗങ്ങള്‍ സംബന്ധിച്ചു ജില്ലാ കളക്ടര്‍ക്കും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ക്കും ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും റോഡ് ആന്‍ഡ് സേഫ്റ്റി അഥോറിറ്റി ഡയറക്ടര്‍ നിജു അറിയിച്ചു.
വളവ് നിവര്‍ത്തുന്നതുമായി ബന്ധപെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂവകുപ്പിന് ഫണ്ടില്ലെങ്കില്‍ ഇക്കാര്യത്തിനായി റോഡ് ആന്‍ഡ് സേഫ്റ്റി അഥോറിറ്റിക്കു ശുപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന കുറുപ്പന്തറ പുളിന്തറ വളവ് നിവര്‍ത്തണമെന്ന ആവശ്യവുമായി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു. കടുത്തുരുത്തി പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
റോഡിന്റെ വളവുള്ള ഭാഗം സുരക്ഷിതമല്ലെന്നും എത്രയും വേഗം വളവ് നിവര്ത്തേണ്ടതാണെന്നും സംഘം വിലയിരുത്തി. അടിയന്തരമായി റോഡ് ആന്‍ഡ് സേഫ്റ്റി അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താത്കാലികമായി അപകടസാധ്യത കുറയ്ക്കുവാനുള്ള നടപടികള്‍ക്കുള്ള ഫണ്ട് അനുവദിക്കും. ഗ്രാമവികസന സമിതി പ്രസിഡന്റ് എം.എം. സ്കറിയ, സെക്രട്ടറി വിന്‍സന്റ് ചിറയില്‍, മാത്യു കൊട്ടാരം, ജോസ് അരയത്ത്, തോമസ് ചാമക്കാല, ബിജു ആലുങ്കല്‍, എന്‍.പി. ജോണി, വി.ടി ജോയി, വി.പി. ജോസ്, റോയ്സണ്‍ ആനിതോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തോട് റോഡിലെ പ്രശ്നങ്ങള്‍ വിശദീകരിച്ചു