ആലപ്പുഴ ചങ്ങനാശേരി റോഡിലെ പണ്ടാരക്കളം ഫ്ളൈഓവര്‍ തുറന്നു
1451133
Friday, September 6, 2024 7:14 AM IST
ചങ്ങനാശേരി: ആലപ്പുഴ ചങ്ങനാശേരി റോഡ് പ്രവൃത്തിയുടെ ഭാഗമായി നിര്‍മിച്ച പണ്ടാരക്കളം ഫ്ളൈ ഓവര്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. 2022ല്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച് 2023 അവസാനത്തോടുകൂടി പൂര്‍ത്തീകരിച്ചെങ്കിലും കെഎസ്ഇബി ടവര്‍ ലൈനില്‍നിന്നുള്ള അകലം കുറവായതിനാല്‍ ഈ ഫ്ളൈ ഓവര്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സാധിച്ചിരുന്നില്ല.
ഈ ഭാഗത്തെ ഗതാഗതം വണ്‍വേയായി കടത്തിവിട്ടതിനാല്‍ ഗുരുതരമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. കെഎസ്ഇബി ടവറിന്റെ ഉയരം കൂട്ടി ലൈന്‍ ഉയര്‍ത്തുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ളത്.
എസി റോഡിലെ ഏറ്റവും നീളംകൂടിയ (628 മീറ്റര്‍)ഫ്ളൈഓവറാണ് പണ്ടാരക്കുളത്ത് ഗതാഗത്തിനായി തുറന്നു കൊടുത്തത്. 24 മീറ്റര്‍ നീളമുള്ള 24 സ്പാനുകളാണ് ഈ പാലത്തിനുള്ളത്. 28 തൂണുകളിലാണ് പണിതിരിക്കുന്നത്. ഇതിനായി 55 മീറ്റര്‍ മുതല്‍ 78 മീറ്റര്‍ വരെ ആഴവും നാലടി വ്യാസമുള്ള 118 പൈലുകള്‍ ചെയ്തിട്ടുണ്ട്.
എസി റോഡ് നിര്‍മാണം 88ശതമാനം പൂര്‍ത്തിയായി
24 കിലോമീറ്റര്‍ ദൂരം വരുന്ന എസി റോഡിന്റെ നവീകരണ ജോലികള്‍ ഏതാണ്ട് 88ശതമാനം പൂര്‍ത്തിയായി. അഞ്ച് ഫ്ളൈഓവറുകളും മൂന്ന് മേജര്‍ പാലങ്ങളും ഉള്‍പ്പെടെ മൂന്നരകിലോമീറ്റര്‍ ദൂരം ഒഴിച്ച് ബാക്ക് മുഴുവന്‍ റോഡും ബിഎം ആൻഡ് ബിസി നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. പള്ളാത്തുരുത്തി പാലത്തിന്റെ നിര്‍മാണം നടന്നുവരികയാണ്.
റോഡില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. കിടങ്ങറ മുതല്‍ കളര്‍കോട് വരെയുള്ള ഭാഗത്ത് വെയിറ്റിംഗ് ഷെഡുകള്‍ നിര്‍മിക്കുന്ന ജോലികള്‍ക്കുള്ള തയാറെടുപ്പുകള്‍ നടന്നു വരികയാണ്.
24 കിലോമീറ്റര്‍ ദൂരം വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം കെഎസ്ടിപിയില്നിന്നാണ് ലഭിക്കേണ്ടത്.