ഉപഭോക്താക്കൾ വഞ്ചിതരാകരുത്: മർച്ചന്റ്സ് അസോസിയേഷൻ
1451171
Friday, September 6, 2024 11:06 PM IST
തൊടുപുഴ: ഓണക്കാല വിപണി ലക്ഷ്യംവച്ച് വ്യാജ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിവിധ വിപണന തന്ത്രങ്ങളുമായി പലരും രംഗപ്രവേശം ചെയ്തിട്ടുള്ളതിനാൽ ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ മുന്നറിയിപ്പു നൽകി. നാട്ടിൽ ലഭിക്കാത്ത ഓഫറുകളും വിലക്കുറവുമായാണ് പലരും രംഗത്തുവരുന്നത്. ഓണം കഴിയുന്നതോടെ ഇവർ അപ്രത്യക്ഷരാകും. വഞ്ചിക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് ധന നഷ്ടവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.
ആദിവാസികൾക്ക് അടുത്ത നാളിൽ നൽകിയ ഭക്ഷ്യ കിറ്റിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണയും ഭക്ഷ്യ ഉത്പന്നങ്ങളും വിതരണം ചെയ്ത സാഹചര്യം വരെ ഉണ്ടായി. ഉദ്യോഗസ്ഥ ഒത്താശയും കമ്മീഷൻ താത്പര്യവുമാണ് ഇതിന് പിന്നിൽ. ഇത്തരക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയാറാവണം.
വ്യാജ വെളിച്ചെണ്ണ വ്യാപകമായി വിൽക്കപ്പെടുന്നുണ്ട്. ആകർഷകമായ പായ്ക്കറ്റുകളിലും കുപ്പികളിലും വിവിധ ഓഫറുകളുമായാണ് ഇത്തരം എണ്ണകൾ വിപണിയിൽ എത്തുന്നത്. ഇവയുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയാണ് വിൽപ്പനയ്ക്ക് എത്തുന്നതെന്ന് ഉറപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. കിറ്റ് നൽകി ആദിവാസികളെ കബളിപ്പിക്കുന്നതിന് പകരം പണം നേരിട്ട് നൽകണം. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കാൻ കേരളത്തിൽ ഹൈടെക് അനലിറ്റിക്കൽ ലബോറട്ടറി തുടങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. സി.കെ. നവാസ്, അനിൽകുമാർ, ടി.എൻ. പ്രസന്നകുമാർ, സാലി എസ്. മുഹമ്മദ്, നാസർ സൈര, ഷെരിഫ് സർഗം, ജോസ് തോമസ് കളരിക്കൽ, കെ.പി. ശിവദാസ്, എം.എച്ച്. ഷിയാസ്, ജഗൻ ജോർജ്, ലിജോണ്സ് ഹിന്ദുസ്ഥാൻ എന്നിവർ പ്രസംഗിച്ചു.