വർണവിസ്മയം തീർത്ത് മണർകാട് റാസ
1451195
Saturday, September 7, 2024 12:18 AM IST
മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസയിൽ അനുഗ്രഹം തേടി ആയിരങ്ങൾ പങ്കെടുത്തു. ആഘോഷവും ആത്മീയതയും സമന്വയിച്ച റാസയിൽ വർണവിസ്മയം തീർത്ത് മുത്തുക്കുടകളുടെ വർണമേലാപ്പിനു കീഴിൽ മൂന്നര കിലോമീറ്ററിലധികം നീളത്തിൽ നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് അണിനിരന്നത്.
ഇന്നലെ മധ്യാഹ്നപ്രാർഥനയ്ക്കുശേഷം പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ദൈവമാതാവിനോടുള്ള അപേക്ഷകളും സ്തുതിപ്പുകളും കീർത്തനങ്ങളുമായി വിശ്വാസികൾ വിശ്വാസ പ്രദക്ഷിണത്തിൽ പങ്കുചേർന്നു. പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ച് നിൽക്കുന്ന ഛായാചിത്രമുള്ള കൊടിയും വിശുദ്ധ ഗീവർഗീസ് സഹദായുടെ ഛായാചിത്രമുള്ള കൊടിയും ഒരു മരക്കുരിശും രണ്ടു വെട്ടുക്കുടകളും പിന്നിൽ കൊടികളും അതിനുപിന്നിൽ മുത്തുക്കുടകളും അണിനിരന്നു.
രണ്ടോടെ മരക്കുരിശുകളും പൊൻ, വെള്ളിക്കുരിശുകളും റാസയിൽ നിരന്നു. 200ൽ അധികം പൊൻ-വെള്ളിക്കുരിശുകളാണ് ഇത്തവണ റാസയിൽ ഉപയോഗിച്ചത്. തുടർന്നു വലിയപള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്കുശേഷം അംശവസ്ത്രങ്ങൾ ധരിച്ച വൈദീകർ റാസയിൽ പങ്കുചേർന്നു ആശീർവദിച്ചു. ഫാ. തോമസ് മറ്റത്തിൽ, ഫാ. ജോർജ് കരിപ്പാൽ, ഫാ. ഏബ്രഹാം കരിമ്പന്നൂർ എന്നിവർ റാസയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.
കൽക്കുരിശ്, കണിയാംകുന്ന് കുരിശിൻ തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്കുശേഷം മണർകാട് കവലയിൽ റാസ എത്തിച്ചേർന്നു. ധൂപ പ്രാർഥനയ്ക്കുശേഷം മണർകാട് കവലയിലെ കുരിശിൻതൊട്ടിയിൽ ഫാ.ജോർജ് കരിപ്പാൽ വചനസന്ദേശം നൽകി. പള്ളിയുടെ താഴത്തെ കുരിശിങ്കലും പള്ളിക്കുള്ളിലും വൈദികരുടെ കബറിടത്തിലും നടന്ന ധൂപപ്രാർഥനയ്ക്കുശേഷം അഞ്ചരയോടെയാണ് റാസ തിരികെ വലിയപള്ളിയിലെത്തിച്ചേർന്നത്. കത്തീഡ്രലിലെ ധൂപപ്രാർഥനയ്ക്ക് ശേഷം അംശവസ്ത്രധാരികളായ വൈദികർ വിശ്വാസീസമൂഹത്തെ ആശീർവദിച്ചു.
വർണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും റാസയ്ക്ക് പൊലിമ പകർന്നു. 18 വാദ്യമേളങ്ങളായിരുന്നു റാസയിൽ പങ്കെടുത്തത്.
ഇടവകയിലെയും സമീപ പള്ളികളിൽനിന്നുമായി ആറ് ഗായകസംഘം പങ്കെടുത്തു. വീഥികൾക്കിരുവശവും വിശ്വാസ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രവും കത്തിച്ച മെഴുകുതിരികളും പിടിച്ചായിരുന്നു റാസയെ വരവേറ്റത്. റാസായുടെ ക്രമീകരണങ്ങൾക്ക് റാസാ കമ്മിറ്റി കൺവീനർ ഫാ. കുര്യാക്കോസ് കാലായിൽ, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയല, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ നേതൃത്വം നൽകി.
നടതുറക്കൽ ഇന്ന്
മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ ഇന്ന് നടക്കും. കത്തീഡ്രലിൽ രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന- കോഴിക്കോട് ഭദ്രാസനാധിപൻ പൗലൂസ് മാർ ഐറേനിയോസ് പ്രധാന കാർമികത്വം വഹിക്കും. 11.30ന് ഉച്ചനമസ്കാരത്തെത്തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സാന്നിധ്യത്തിൽ നടതുറക്കൽ ശുശ്രൂഷ.
കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ. പ്രധാന പെരുന്നാൾ ദിനമായ എട്ടിന് മൂന്നിന്മേൽ കുർബാനയ്ക്ക് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.