ബിരിയാണി ചലഞ്ചുമായി സ്കൂള്‍ പിടിഎ
1451420
Saturday, September 7, 2024 7:03 AM IST
തലയോലപ്പറമ്പ്: സ്വന്തമായി സ്കൂളിന് വാഹന ഇല്ലാത്തതിനെത്തുടര്‍ന്ന് കുട്ടികളുടെ യാത്രാ സൗകര്യത്തിനായിയെടുക്കുന്ന വാഹനത്തിന്റെ വാടക നല്‍കുന്നതിനും അതോടൊപ്പം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും പണം കണ്ടെത്തുന്നതിനായി ബിരിയാണി ചലഞ്ചുമായി സ്കൂള്‍ അധ്യാപക-രക്ഷാകര്‍തൃസമിതി.
നിര്‍ധനരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വടയാര്‍ ഇളങ്കാവ് ഗവണ്മെന്റ് യുപി സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ പണം സ്വരൂപിക്കാനായി ബിരിയാണി ചലഞ്ച് ആശയവുമായി മുന്നിട്ടിറങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷാജിമോള്‍ ബിരിയാണി വിതരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.ആര്. റോഷിന്, വൈസ് പ്രസിഡന്റ് കെ.സി. മനീഷ്, ഹെഡ്മാസ്റ്റര് പ്രവീണ്‍ കുമാര്‍, അധ്യാപകരായ എ.പി. തിലകന്, ധന്യ, മീര തുടങ്ങിയവര്‍ നേതൃത്വം നല്കി.
2000 ബിരിയാണി പായ്ക്കറ്റുകളാണ് തയാറാക്കി വിതരണം ചെയ്തത്. ബിരിയാണിക്കാവശ്യമായ ഉത്പന്നങ്ങള്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വ്യാപാരികളുമാണ് സംഭാവന ചെയ്തത്. വാഹനം വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്നതിനാല്‍ നാലു ലക്ഷം രൂപയോളം ചെലവ് വരും. ഫീസിനത്തില്‍ 2.5 ലക്ഷം രൂപയാണ് കുട്ടികളില്‍നിന്നു കിട്ടിയിരുന്നത്. പിടിഎയും അധ്യാപകരും ചേര്‍ന്ന് അധികതുക കൈയില്‍ നിന്നുമെടുത്താണ് ഇതിനാവശ്യമായ തുക കണ്ടെത്തിയിരുന്നത്.