പാലാ ജനറൽ ആശുപത്രിക്ക് ചുറ്റുമതില്‍ നിര്‍മിക്കാന്‍ നടപടി
1451445
Sunday, September 8, 2024 2:33 AM IST
പാലാ: ജനറല്‍ ആശുപത്രിയുടെ സ്ഥലത്ത് ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് അതിര്‍ത്തി നിര്‍ണയിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ താലൂക്ക് വികസനസമിതിയില്‍ തീരുമാനം.
ഗെയിറ്റ് സ്ഥാപിക്കുന്നതിനും സുരക്ഷാ സംവിധാനം ഉണ്ടാക്കുന്നതിനു തുടര്‍നടപടി സ്വീകരിക്കും. ആശുപത്രി പ്രധാന കെട്ടിടത്തിന്റെയും മോര്‍ച്ചറിയുടെ ഭാഗത്തെ സംരക്ഷണഭിത്തി കെട്ടുന്നതിന് ഫണ്ട് കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കും.
മലയോര പഞ്ചായത്തുകളായ മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, തിടനാട് പഞ്ചായത്തുകളിൽ കാട്ടുപന്നികളുടെ ശല്യം മൂലം കഷ്ടത അനുഭവിക്കുന്ന കൃഷിക്കാരുടെ പ്രശ്നപരിഹാരത്തിന് പഞ്ചായത്തുതലത്തില്‍ ഈ മാസം യോഗം പഞ്ചായത്ത് അധികൃതര്‍ വിളിച്ചു ചേര്‍ക്കണമെന്ന് മാണി സി. കാപ്പന് എംഎല്‍എ നിര്‍ദേശം നൽകി.
ആര്‍ഡിഒ കെ.പി. ദീപ, തഹസില്‍ദാര്‍ സുനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആര്. മഞ്ജിത്, നഗരസഭാ ചെയര്മാന് ഷാജു തുരുത്തന്, ജോസുകുട്ടി പൂവേലി, പീറ്റര്‍ പന്തലാനി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.