അധ്യാപക ദിനത്തിൽ നാടിന്റെ ഗുരുനാഥനെ ആദരിച്ചു
1451120
Friday, September 6, 2024 7:00 AM IST
കൂരോപ്പട: നാടിന്റെ ഗുരുനാഥന് അധ്യാപക ദിനത്തിൽ ആദരവ്. ളാക്കാട്ടൂർ എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി അധ്യാപകനായിരിക്കുമ്പോഴാണ് 1996ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് പി.പി. ഗോപിനാഥൻ നായരെ തേടിയെത്തുന്നത്.
അധ്യാപക ദിനത്തിൽ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യാ കൂരോപ്പട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗുരുവന്ദനം പരിപാടിയിൽ പി.പി. ഗോപിനാഥൻ നായരെ ആദരിച്ചു. സിഎഫ്ഐ കോട്ടയം താലൂക്ക് പ്രസിഡന്റ് അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. തുടർന്നു അമ്പിളി മാത്യു ഗോപിനാഥൻ നായരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ജോർജ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ സുരേഷ്, മഞ്ജു കൃഷ്ണകുമാർ, സിഎഫ്ഐ നേതാക്കളായ പി. ഗോപകുമാർ, രാജേന്ദ്രൻ തേരേട്ട്, പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു. പി.പി. ഗോപിനാഥൻ നായർ മറുപടി പ്രസംഗവും നടത്തി.