വിളക്കുവെട്ടം ശ്രീനാരായണാ പബ്ളിക് ലൈബ്രറി വാർഷികാഘോഷം നാളെ
1451398
Saturday, September 7, 2024 6:19 AM IST
പുനലൂർ: വിളക്കുവെട്ടം ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെ വാർഷികാഘോഷം നാളെ രാവിലെ ഒന്പതിന് ആരംഭിക്കും. കലാമത്സരങ്ങൾ, കാവ്യ സംവാദം, ബാലവേദി, വനിതാവേദി സംഘടനളുടെ ഉദ്ഘാടനം, ചിത്രം അനാച്ഛാദനം, സാംസ്കാരിക സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ.
വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനംചെയ്യും. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി പ്രസിഡന്റ് സന്തോഷ് ജി. നാഥ് അധ്യക്ഷത വഹിക്കും.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, കവി പുനലൂർ ബാലൻ എന്നിവരുടെ ചിത്രങ്ങൾ ലൈബ്രറി മന്ദിരത്തിൽ അനാച്ഛാദനം ചെയ്യും. കലാ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും നഗരസഭാ ചെയർപേഴ്സൺ കെ. പുഷ്പലത വിതരണം ചെയ്യും.
ചടങ്ങിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്ത വ്യക്തികളെ ആദരിക്കും. ചിത്രരചന, പെയിന്റിംഗ് വായന, കൈയെഴുത്ത് എന്നീ ഇനങ്ങളിൽ എൽപി, യു പി, ഹൈസ്കൂൾ, പൊതു വിഭാഗം എന്നിങ്ങനെയാണ് കലാമത്സരങ്ങൾ നടത്തുന്നത്.
രാത്രി 10-ന് നടക്കുന്ന പ്രതിഭാ സംഗമത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ നടക്കുമെന്ന് വായനശാല പ്രസിഡന്റ് സന്തോഷ് ജി. നാഥ്, സെക്രട്ടറി കെ.കെ. ബാബു, വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ എന്നിവർ അറിയിച്ചു.