ബസിൽ കുഴഞ്ഞുവീണ വീട്ടമ്മയ്ക്ക് ജീവനക്കാരും സഹയാത്രികരും തുണയായി
1451155
Friday, September 6, 2024 11:06 PM IST
എരുമേലി: പള്ളിയിൽ പോയി ബസിൽ മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ വീട്ടമ്മയ്ക്ക് സഹയാത്രികർ പ്രാഥമിക ശുശ്രൂഷ നൽകി ബസ് ജീവനക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പമ്പാവാലി തുലാപ്പള്ളി അട്ടത്തോട് മരുതിമൂട്ടിൽ ബിന്ദു (49) ആണ് മണർകാട് പള്ളിയിൽനിന്നു മടങ്ങി വരുന്നതിനിടെ ലക്ഷ്മി സ്വകാര്യ ബസിൽ ഇന്നലെ ഉച്ചയ്ക്ക് എരുമേലിക്കടുത്ത് കൊരട്ടി കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്ഥത മൂലം അവശയായി കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് കൊരട്ടിയിൽ സ്റ്റോപ്പിൽ ഇറങ്ങിയിരുന്നു. ബസിലുണ്ടായിരുന്ന ഇടകടത്തി സ്വദേശിനി യുവതി എൽസ സിപിആർ ചെയ്ത് ബിന്ദുവിനെ പരിചരിച്ചുകൊണ്ടിരുന്നു.
എരുമേലി ടൗണിൽ എത്തിയപ്പോൾ സ്റ്റാൻഡിൽ പോകാതെ ബസ് എരുമേലി സർക്കാർ ആശുപത്രിയിലേക്ക് എത്തിയെങ്കിലും റോഡിൽ വീതി കുറവായതിനാൽ എതിരേ വാഹനങ്ങൾ വന്നുകൊണ്ടിരുന്നത് മൂലം കടന്നുപോകാനായില്ല. ഇതോടെ ബസിൽ നിന്ന് യാത്രക്കാരും നാട്ടുകാരും ചേർന്ന് ബിന്ദുവിനെ പുറത്തിറക്കി ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തസമ്മർദം താഴ്ന്നതാണ് അപകടനിലയിൽ എത്തിയതെന്ന് പരിശോധന നടത്തിയ ഡോക്ടർ പറഞ്ഞു. അടിയന്തര ശുശ്രൂഷയോടെ ആരോഗ്യനില വീണ്ടെടുത്ത ബിന്ദു പിന്നീട് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങി.