യുവാക്കളുടെ ബന്ദിപ്പൂകൃഷിയിൽ നൂറുമേനി വിളവ്
1451129
Friday, September 6, 2024 7:14 AM IST
ഉദയനാപുരം: കാടുപിടിച്ചു കിടന്ന പുരയിടം വെട്ടി തെളിച്ച് കൃഷിയോഗ്യമാക്കി യുവാക്കളുടെ കൂട്ടായ്മ നടത്തിയ ബന്ദിപ്പൂകൃഷിയിൽ നൂറുമേനി വിളവ്. സിവിൽ എൻജിനിയർ, സെയിൽസ് എക്സിക്യൂട്ടീവ്, ഇന്റീരിയർ ഡിസൈനർ, ഇലക്ട്രീഷൻ, ഡ്രൈവർമാർ, ബേക്കറി, പന്തൽ ഡെക്കറേഷൻ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെട്ട 14അംഗ വല്ലകം യുവ കൃഷി കൂട്ടമാണ് പൂക്കൃഷിയിൽ വൻ നേട്ടം കൈവരിച്ചത്.
വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പ്രയോജനപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് യുവാക്കളെ കൃഷിയോടടുപ്പിച്ചത്. ഡിആർഡിഒയിൽ സയിന്റിസ്റ്റായ വല്ലകം വല്ല്യാഴത്ത് മനയിൽ ഡോ. ഹരികൃഷ്ണനും സെയിൽ ടാക്സ് ഉദ്യോഗസ്ഥനായ സഹോദരൻ ഗോപി കൃഷ്ണനും തങ്ങളുടെ വീട്ടുവളപ്പിനോടു ചേർന്ന പുരയിടങ്ങൾ യുവാക്കൾക്ക് ഏറെ സന്തോഷത്തോടെ വിട്ടു നൽകുകയായിരുന്നു.
ഒരേക്കറോളം വരുന്ന പുരയിടത്തിൽ യുവാക്കൾ നട്ട 2000 ചുവട് ബന്ദിച്ചെടികളിൽ പൂ വിരിഞ്ഞതോടെ പൂപ്പാടത്ത് കുട്ടികളും യുവതി-യുവാക്കളുമെത്തി സെൽഫിയെടുക്കാൻ തിരക്കുകൂട്ടുകയാണ്.
ഇടകലർന്നു നിൽക്കുന്ന ചുമപ്പ്, മഞ്ഞ, വെള്ള ബന്ദിപൂക്കൾ ഉള്ളം കുളിർപ്പിക്കുന്ന ദൃശ്യാനുഭവമാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. ക്ഷേത്രങ്ങൾ, സർക്കാർ ഓഫീസുകൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിൽ നിന്ന് ഓഡർ ലഭിക്കുന്നതിനാൽ മിതമായ നിരക്കിൽ നാട്ടിൻപുറത്തു തന്നെ പൂക്കൾ വിറ്റഴിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുവാക്കൾ.
പൂക്കൃഷിക്ക് പുറമെ വെണ്ട, തക്കാളി, വഴുതന, പച്ചമുളക്, ഞാലിപൂവൻ വാഴ, കുളങ്ങളിൽ വരാൽ, കാരി, ഗിഫ്റ്റ്തിലോപ്പിയ തുടങ്ങിയവയും കൃഷി ചെയ്തിട്ടുണ്ട്. പൂക്കൃഷി വിളവെടുപ്പിനുശേഷം ചീരകൃഷി വ്യാപകമായി ചെയ്യാനാണ് യുവാക്കളുടെ തീരുമാനമെന്ന് യുവ കൃഷിക്കൂട്ടം പ്രസിഡന്റ് ആദിപ് ഉദയൻ, സെക്രട്ടറി സുജിത്ത് ഉല്ലാസ്, ട്രഷറർ സി.ആർ. രൂപേഷ് തുടങ്ങിയവർ പറഞ്ഞു.
യുവാക്കളുടെ കൃഷിക്ക് പിൻബലമേകി ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനൂപ്, ഉദയനാപുരം കൃഷി ഓഫീസർ എ.ആർ. അഷിത, കൃഷി അസിസ്റ്റന്റ് സുധീർ, വൈക്കം ബ്ലോക്ക് യൂത്ത് കോ-ഓർഡിനേറ്റർ ബിനുചന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ട്.